4
ദുബായ് : ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ സുരക്ഷാ സംഭവത്തിൽ അസാധാരണമായ ധീരതയും ഉത്തരവാദിത്തവും പ്രകടിപ്പിച്ച പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി സന്ദർശിച്ചു.
മനുഷ്യജീവന്റെ സംരക്ഷണത്തിനായി പൈലറ്റ് കാണിച്ച ധീരതയെയും ഉയർന്ന ഉത്തരവാദിത്തബോധത്തെയും ഷെയ്ഖ് ഹംദാൻ സാമൂഹിക മാധ്യമത്തിലൂടെയും അഭിനന്ദിച്ചു. “ഞങ്ങളുടെ ടീമിന്റെയും രാജ്യത്തിന്റെ കഥയുടെയും ഭാഗമാണ് അദ്ദേഹം. സമാധാനത്തിന്റെയും ജീവന്റെയും നാടായ യു.എ.ഇ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതിന്റെ പ്രതീകമാണ് അദ്ദേഹം,” ഷെയ്ഖ് ഹംദാൻ കുറിച്ചു.
ഫ്ലൈ ദുബായ് വിമാനം FZ1073-ലെ സുരക്ഷാ പ്രശ്നം നിയന്ത്രണവിധേയമാക്കാൻ സഹായിച്ച ക്യാപ്റ്റൻ മച്ചാർ, ക്രൂ അംഗങ്ങൾ, യാത്രക്കാർ എന്നിവരെ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ അഭിനന്ദിച്ചിരുന്നു. സുരക്ഷിതമായി യു.എ.ഇയിൽ തിരിച്ചെത്തിയ പൈലറ്റ് ആരോഗ്യവാനാണെന്നും വൈദ്യസഹായം സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. അറ്റോർണി ജനറലിന്റെ ഉത്തരവിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.