12
ദുബായ് : കൽബയിലെ അൽ മാർഷിന് സമീപം പുതിയ വിനോദസഞ്ചാര പദ്ധതിയായ ‘അൽ ഫ്രൈഷ് തടാകത്തിന്’ (Al Freish Lake) അംഗീകാരം നൽകി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ റേഡിയോ ആൻഡ് ടിവിയുടെ ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് അദ്ദേഹം പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
ഏകദേശം 51,200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന തടാകത്തിന് ഏകദേശം 28 ദശലക്ഷം ഗാലൻ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടായിരിക്കും. കൽബയിൽ പുരോഗമിക്കുന്ന ഈ പദ്ധതി അൽ മാർഷ് സ്ക്വയർ മുതൽ അൽ ഫ്രൈഷ് തടാകം വരെ വ്യാപിച്ചുകിടക്കും. പർവ്വതനിരകളുടെ പശ്ചാത്തലത്തിൽ മരങ്ങളും വെള്ളച്ചാട്ടങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വെള്ളച്ചാട്ടങ്ങൾ, കുടുംബങ്ങൾക്കായി പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങൾ, വിവിധ ജലക്രീഡകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു വിനോദ കേന്ദ്രമായിരിക്കും ഇത്. കൂടാതെ സന്ദർശകർക്ക് തടാകത്തിന് ചുറ്റും സഞ്ചരിക്കാനും കാഴ്ചകൾ ആസ്വദിക്കാനുമായി 2.6 കിലോമീറ്റർ നീളത്തിലുള്ള വാഹന പാതയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ഷാർജയിലുടനീളം പൊതുവിനോദ ഇടങ്ങളും കുടുംബസൗഹൃദ കേന്ദ്രങ്ങളും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.