അബുദാബി : എമിറേറ്റിലെ കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച ആദ്യകാല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ‘അൽ ഗാദ്’ നഴ്‌സറികൾ (Al Ghad Nurseries) വൻതോതിൽ വികസിപ്പിക്കാനൊരുങ്ങി അബുദാബി വിദ്യാഭ്യാസ സംസ്കാര വകുപ്പ് (ADEK). 2029 ഓടെ നഴ്‌സറികളിലെ മൊത്തം സീറ്റുകളുടെ എണ്ണം 12,000 ആയി ഉയർത്താനാണ് പദ്ധതി. 2 മുതൽ 4 വയസ്സ് വരെയുള്ള കുട്ടികൾക്കായി അറബിക് ഭാഷ, എമിറാത്തി സംസ്കാരം, ദേശീയ മൂല്യങ്ങൾ എന്നിവയിൽ ഊന്നിയുള്ള ആദ്യകാല പഠനാന്തരീക്ഷമാണ് ഈ നഴ്‌സറികളിൽ ഒരുക്കിയിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന ഈ വികസന പദ്ധതിയിലൂടെ അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും. സ്വദേശികളായ കുട്ടികൾക്കും എമിറാത്തി മാതാക്കളുടെ മക്കൾക്കും പ്രതിമാസം 800 ദിർഹം എന്ന കുറഞ്ഞ നിരക്കിൽ പ്രവേശനം നൽകും. കൂടാതെ സാമൂഹിക പിന്തുണ ലഭിക്കുന്ന കുടുംബങ്ങൾക്കും ജോലി ചെയ്യുന്ന നിർദ്ധനരായ അമ്മമാരുടെ മക്കൾക്കും ഇളവുകൾ ഉണ്ടാകും. ഈ പദ്ധതിയിലൂടെ ആദ്യകാല വിദ്യാഭ്യാസ മേഖലയിൽ എമിറാത്തി സ്ത്രീകൾക്കായി 1,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അഡെക് വ്യക്തമാക്കി.
12