30
ദുബായ് : ജനസംഖ്യാ വർദ്ധനവിന്റെയും ശക്തമായ സാമ്പത്തിക വളർച്ചയുടെയും പശ്ചാത്തലത്തിൽ 2026-ന്റെ ആദ്യ പകുതിയിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആകെ 119,188 ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചു. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ഇതിൽ 96,400 പുതിയ ലൈസൻസുകളും, അംഗീകൃത രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസുകൾ എക്സ്ചേഞ്ച് ചെയ്തവരിൽ നൽകിയ 22,788 ലൈസൻസുകളും ഉൾപ്പെടുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവിംഗ് പരിശീലന നിലവാരം ഉയർത്തുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകളും കൃത്രിമ ബുദ്ധിയും പരിശീലന ഘട്ടങ്ങളിൽ വ്യാപകമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. കനത്ത മഴ, മൂടൽമഞ്ഞ് തുടങ്ങിയ യഥാർത്ഥ റോഡ് സാഹചര്യങ്ങൾ ഡ്രൈവർമാരെ മുൻകൂട്ടി പരിശീലിപ്പിക്കാൻ അഡ്വാൻസ്ഡ് സിമുലേറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. സ്മാർട്ട് യാർഡ് ടെസ്റ്റുകളിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ എഐ ക്യാമറകളും സെൻസറുകളുമാണ് പ്രയോജനപ്പെടുത്തുന്നത്. സുരക്ഷിതമായ ഡ്രൈവിംഗ് സംസ്കാരം വളർത്താൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ പരിശീലന സംവിധാനങ്ങളാണ് ദുബായിൽ നടപ്പിലാക്കിവരുന്നത്.