39
അബുദാബി : യുഎഇയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. വെള്ളിയാഴ്ച രാത്രിയോടുകൂടിയും ശനിയാഴ്ച പുലർച്ചെയുമായി തീരദേശ മേഖലകളിൽ കനത്ത മൂടൽമഞ്ഞിനോ നേരിയ പുകമഞ്ഞിനോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
വിവിധ എമിറേറ്റുകളിൽ കടുത്ത ചൂടാണ് പ്രവചിച്ചിരിക്കുന്നത്. ലിവാ പ്രദേശത്താണ് ഏറ്റവും ഉയർന്ന താപനിലയായ 46 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്താൻ സാധ്യത. അബുദാബി, അൽ ഐൻ, രാസൽഖൈമ എന്നിവിടങ്ങളിൽ 43 ഡിഗ്രിയും ഷാർജയിൽ 41 ഡിഗ്രിയും ദുബായിൽ 40 ഡിഗ്രിയും ഉയർന്ന താപനില രേഖപ്പെടുത്തും. ഫുജൈറയിലാണ് താരതമ്യേന കുറഞ്ഞ താപനില പ്രവചിച്ചിട്ടുള്ളത് (35 ഡിഗ്രി സെൽഷ്യസ്).
ചൂടിനൊപ്പം ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കും. ദുബായിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെയും അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ 85 ശതമാനം വരെയും ഉയർന്നേക്കാം. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 35 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.