Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:38 PM

നേപ്പാളിലെ പ്രളയബാധിതർക്ക് അടിയന്തര സഹായം എത്തിച്ച് ദുബായ് ഹ്യുമാനിറ്റേറിയൻ

by Raneesha Razak
ദുബായ് : നേപ്പാളിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായവുമായി ദുബായ് ഹ്യുമാനിറ്റേറിയൻ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് 74 മെട്രിക് ടൺ വരുന്ന ദുരിതാശ്വാസ വസ്തുക്കൾ നേപ്പാളിലേക്ക് അയച്ചത്. ദുബായ് വേൾഡ് സെൻട്രലിൽ (DWC) നിന്നും എമിറേറ്റ്സ് സ്കൈ കാർഗോയുടെ ബോയിങ് 777-എഫ് വിമാനത്തിലാണ് സഹായങ്ങൾ കാഠ്മണ്ഡുവിൽ എത്തിച്ചത്.
യൂണിസെഫ്, ലോക ഭക്ഷ്യപദ്ധതിയുടെ (WFP-UNHRD) കീഴിലുള്ള യുഎൻ ഡിപ്പോ, ഐ.എഫ്.ആർ.സി എന്നിവയുടെ സ്റ്റോക്കുകളിൽ നിന്നുള്ള കൂടാരങ്ങൾ, മരുന്നുകൾ, ശുചിത്വ കിറ്റുകൾ, ശൈത്യകാലാവസ്ഥയ്ക്ക് ആവശ്യമായ സാധനങ്ങൾ എന്നിവയാണ് പ്രധാനമായും എത്തിച്ചിട്ടുള്ളത്. ദുരന്തമുഖത്ത് വേഗത്തിലുള്ള ഇടപെടലുകൾ ഉറപ്പാക്കുന്നതിൽ ദുബായ് ഹ്യുമാനിറ്റേറിയന്റെ ആഗോള പങ്കാളിത്തം നിർണ്ണായകമാണെന്ന് ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി വ്യക്തമാക്കി. ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഇംപാക്ട് ഫണ്ടിന്റെ (GHIF) സഹകരണത്തോടെയാണ് ചരക്ക് നീക്കത്തിനുള്ള ചെലവുകൾ വഹിച്ചത്.

You may also like