31
ദുബൈ : യുഎസ് സർവ്വകലാശാലകളിൽ പ്രവേശനം ലഭിച്ച യുഎഇയിലെ വിദ്യാർത്ഥികൾക്ക് വിസ അപ്പോയിന്റ്മെന്റുകൾ ലഭിക്കാത്തത് ഉപരിപഠന സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുന്നു. യുഎഇയിലെ യു.എസ് എംബസിയിലും കോൺസുലേറ്റിലും സാധാരണ വിസ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
എംബസിയുടെ നിർദ്ദേശപ്രകാരം ഇന്ത്യ ഉൾപ്പെടെയുള്ള മാതൃരാജ്യങ്ങളിൽ വിസയ്ക്ക് അപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാസങ്ങളായി സ്ലോട്ടുകളൊന്നും ലഭ്യമാകുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. അടിയന്തര ഇതര ജീവനക്കാരെ തിരിച്ചുവിളിച്ചതിനെ തുടർന്നാണ് യുഎഇയിൽ വിസ സേവനങ്ങൾ പരിമിതപ്പെടുത്തിയത്. വിസ വൈകുന്നതോടെ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വിസ ലഭിക്കുമോയെന്ന ആശങ്കയിൽ ബ്രിട്ടൻ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശനം മാറ്റാൻ നിർബന്ധിതരാവുകയാണ് പല കുടുംബങ്ങളും.