ദുബൈ : രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും യുഎഇയിൽ ബുധനാഴ്ച രാവിലെ സ്വർണ്ണവില ഉയർന്നു. വിപണി ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 486.25 ദിർഹമായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസത്തെ 484.50 ദിർഹത്തിൽ നിന്നാണ് ഈ വർദ്ധനവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 450.50 ദിർഹത്തിലും, 21 കാരറ്റ് 431.75 ദിർഹത്തിലും, 18 കാരറ്റ് 370.25 ദിർഹത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണ്ണവില 0.87 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,027.34 ഡോളറിലെത്തി.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർദ്ധനവും പണപ്പെരുപ്പ ആശങ്കകളും യുഎസ് ഡോളറിന്റെ കരുത്തുമാണ് ആഗോള വിപണിയിൽ സ്വർണ്ണത്തിന് സമ്മർദ്ദമുണ്ടാക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നുണ്ട്. എണ്ണവില വർദ്ധനവ് ആഗോള സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക ശക്തമാകുന്നതോടെ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ വീണ്ടും ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സാക്സോ ബാങ്ക് കമ്മോഡിറ്റി സ്ട്രാറ്റജി മേധാവി ഒലെ ഹാൻസെൻ വിലയിരുത്തുന്നു.