Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 07:58 PM

ജപ്പാനുമായി 15 വർഷത്തെ എൽഎൻജി കരാറിൽ ഒപ്പുവെച്ച് അഡ്നോക്

by Raneesha Razak

അബുദാബി : ജപ്പാനിലെ ഏറ്റവും വലിയ എണ്ണ-വാതക പര്യവേക്ഷണ കമ്പനിയായ ഇൻപെക്സ് കോർപ്പറേഷനുമായി (Inpex) 15 വർഷത്തെ എൽഎൻജി (LNG) വിതരണ കരാറിൽ ഒപ്പുവെച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC). അഡ്നോക്കിന്റെ കീഴിൽ വികസിച്ചുകൊണ്ടിരിക്കുന്ന റുവൈസ് എൽഎൻജി പ്രൊജക്റ്റിൽ നിന്ന് പ്രതിവർഷം 10 ലക്ഷം ടൺ (1 mtpa) ദ്രവീകൃത പ്രകൃതിവാതകം ജപ്പാന് കൈമാറാനാണ് കരാർ. യുഎഇ വ്യവസായ-അത്യാധുനിക സാങ്കേതികവിദ്യാ മന്ത്രിയും അഡ്നോക് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബറിന്റെ ജപ്പാൻ സന്ദർശനത്തിനിടെയാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്.
അഡ്നോക്കും എക്സ്ആർജിയും (XRG) സംയുക്തമായി ആഗോള എൽഎൻജി ട്രേഡിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യത്തെ ദീർഘകാല കരാറാണിത്. 2028-ൽ വാണിജ്യടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന റുവൈസ് എൽഎൻജി പ്ലാന്റിലെ ആകെ ഉൽപ്പാദന ശേഷിയുടെ (9.6 mtpa) 90 ശതമാനത്തിലധികം ഇതിനകം തന്നെ ആഗോള ഉപഭോക്താക്കൾക്കായി ഉറപ്പാക്കിക്കഴിഞ്ഞു. ഇതിൽ 23 ശതമാനത്തോളം ജാപ്പനീസ് കമ്പനികൾക്കാണ് മാറ്റിവെച്ചിരിക്കുന്നത്. പൂർണ്ണമായും ഹരിത ഊർജ്ജത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ആദ്യത്തെ കുറഞ്ഞ കാർബൺ എൽഎൻജി പ്ലാന്റായിരിക്കും റുവൈസിലേത്.

You may also like