ദുബായ് : യുഎഇയിലെ വിദ്യാർത്ഥികൾക്കിടയിലുള്ള ലഹരിമരുന്ന് ഉപയോഗം തികച്ചും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും ഇത് വലിയൊരു സാമൂഹിക പ്രവണതയല്ലെന്നും ദുബായ് പോലീസ് വ്യക്തമാക്കി. ‘അറബ്കാസ്റ്റ്’ പോഡ്കാസ്റ്റിൽ സംസാരിക്കവെ ദുബായ് പോലീസ് ഇന്റർനാഷണൽ ഹെമായ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. അബ്ദുറഹ്മാൻ ഷറഫ് അൽ മഅ്മരിയാണ് ഇക്കാര്യം അറിയിച്ചത്.
ദുബായിലെ 5 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളിൽ ഒരു ശതമാനം പേർ ലഹരി ഉപയോഗിക്കുന്നു എന്ന് വെറുതെ അനുമാനിച്ചാൽ പോലും അത് അയ്യായിരത്തോളം വരും. എന്നാൽ, ഇറാദ പുനരധിവാസ കേന്ദ്രം, അൽ അമൽ ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ യഥാർത്ഥ കേസ് ഇതിന്റെയൊന്നും അടുത്തുപോലുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടികളിലെ അമിത ഫോൺ ഉപയോഗം (പ്രതിദിനം 7 മണിക്കൂർ വരെ), അമിതമായി പണം നൽകുന്നത്, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് എന്നിവ ലഹരിയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. എന്നാൽ, യുഎഇ നിയമത്തിലെ ആർട്ടിക്കിൾ 89 പ്രകാരം ലഹരിക്ക് അടിമപ്പെട്ടവർ സ്വയം ചികിത്സ തേടുകയോ കുടുംബം വഴി ചികിത്സയ്ക്ക് എത്തിക്കുകയോ ചെയ്താൽ അവർക്കെതിരെ ക്രിമിനൽ നടപടികളോ ശിക്ഷയോ ഉണ്ടാകില്ലെന്നും പോലീസ് ഓർമ്മിപ്പിച്ചു.
22