Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 04:27 PM

ആരോഗ്യമേഖലയിൽ വിപ്ലവത്തിനൊരുങ്ങി അബുദാബി; എഐ അധിഷ്ഠിത ‘വെർച്വൽ ഹ്യൂമൻ ട്വിൻ’ പദ്ധതി

by Raneesha Razak

അബുദാബി : രോഗ നിർണ്ണയവും ചികിത്സയും കൂടുതൽ ഫലപ്രദമാക്കുന്നതിനായി കൃത്രിമ ബുദ്ധിയിൽ (AI) അധിഷ്ഠിതമായ ‘വെർച്വൽ ഹ്യൂമൻ ട്വിൻ’ (Virtual Human Twin) സാങ്കേതികവിദ്യ വികസിപ്പിക്കാൻ അബുദാബി. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് അബുദാബിയുടെയും (DoH) ആഗോള ഹെൽത്ത് കെയർ ഗ്രൂപ്പായ എം42-ന്റെയും (M42) സംയുക്ത സംരംഭമായ അബുദാബി ബയോബാങ്ക്, പ്രമുഖ സാങ്കേതിക കമ്പനിയായ ബയോട്വിനുമായി (BioTwin) ഇതിനായി തന്ത്രപരമായ പങ്കാളിത്ത കരാർ ഒപ്പുവെച്ചു. അമേരിക്കയിലെ സാൻ ഡിയാഗോയിൽ നടന്ന ബയോ ഇന്റർനാഷണൽ കൺവെൻഷനിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്.

ഒരു വ്യക്തിയുടെ ആന്തരികാവയവങ്ങളുടെയും ജൈവിക വ്യവസ്ഥകളുടെയും കൃത്യമായ ഡിജിറ്റൽ രൂപം (Digital Replica) എഐ സഹായത്തോടെ സൃഷ്ടിക്കുന്നതാണ് വെർച്വൽ ഹ്യൂമൻ ട്വിൻ സാങ്കേതികവിദ്യ. വ്യക്തികളുടെ ജനിതക വിവരങ്ങളും (Genomics) കൃത്യമായ രക്തപരിശോധനകൾ, വെയറബിൾ ഡിവൈസുകൾ എന്നിവയിലൂടെ ലഭിക്കുന്ന മറ്റ് ശാരീരിക വിവരങ്ങളും എഐ വിശകലനം ചെയ്താണ് ഇത് തയ്യാറാക്കുന്നത്. ഇതിലൂടെ വിട്ടുമാറാത്ത രോഗങ്ങളും ക്യാൻസറും ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ പ്രവചിക്കാനും രോഗികൾക്ക് കൃത്യമായ വ്യക്തിഗത ചികിത്സ (Precision Medicine) നൽകാനും സാധിക്കും. മരുന്നുകളുടെ ഫലപ്രാപ്തിയും ശസ്ത്രക്രിയകളുടെ ആസൂത്രണവും മനുഷ്യശരീരത്തിന് പകരം ഈ ഡിജിറ്റൽ ഇരട്ടകളിൽ പരീക്ഷിച്ച് വിജയം ഉറപ്പാക്കാൻ ഡോക്ടർമാർക്ക് ഇതിലൂടെ സാധിക്കും. കൂടാതെ ജിനോമിക്സ് ഗവേഷണങ്ങൾ വിപുലീകരിക്കുന്നതിനായി നോവാർട്ടിസ്, ആർബർ ബയോടെക്‌നോളജീസ് എന്നീ ആഗോള കമ്പനികളുമായും അബുദാബി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്.

You may also like