Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 08:09 AM

സിഗ്നൽ ലംഘനത്തിന്റെ അപകടം: സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പോലീസ്

by Raneesha Razak

 

ഷാർജ : തിരക്കേറിയ ജംഗ്ഷനുകളിൽ സിഗ്നലുകൾ ലംഘിച്ചും അമിതവേഗതയിലും വാഹനമോടിക്കുന്നതിന്റെ അപകടങ്ങൾ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ റോഡ് സുരക്ഷാ വീഡിയോ ഷാർജ പോലീസ് പുറത്തുവിട്ടു. വാഹനമോടിക്കുന്നവരുടെ പെട്ടെന്നുള്ള തീരുമാനങ്ങളും അശ്രദ്ധയും എങ്ങനെയാണ് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

രാത്രികാലങ്ങളിൽ തിരക്കേറിയ ഒരു സിഗ്നലിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് റെഡ് ലൈറ്റ് മറികടക്കാൻ ശ്രമിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ജംഗ്ഷനുകളിൽ സിഗ്നൽ മാറുന്നതിന് മുൻപ് പെട്ടെന്ന് വണ്ടിയെടുത്ത് പോകാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവറുടെ മാത്രമല്ല, മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയാണ്.യുഎഇ നിയമപ്രകാരം റെഡ് ലൈറ്റ് ലംഘിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 1,000 ദിർഹം പിഴ, ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകൾ, 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ എന്നിവയാണ് ഇതിനുള്ള ശിക്ഷ. കുറ്റം ആവർത്തിച്ചാൽ വാഹനം കൂടുതൽ ദിവസത്തേക്ക് പിടിച്ചെടുക്കുകയും 24 ബ്ലാക്ക് പോയിന്റുകൾ തികയുമ്പോൾ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. റോഡുകളിലെ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഷാർജ പോലീസ് ഓർമ്മിപ്പിച്ചു.

You may also like