Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 08:09 AM

ഇതൊരു പുതിയ ലോകമാണ്’; വ്യവസായ മേഖലയിലേക്ക് ആകൃഷ്ടരായി സ്വദേശികൾ, നിയമന ലക്ഷ്യം മറികടന്ന് കമ്പനികൾ

by Raneesha Razak

അബുദാബി : യുഎഇയിൽ സ്വകാര്യ-വ്യവസായ മേഖലകളിലെ എമിറാത്തൈസേഷൻ (Emiratisation) നിയമന ലക്ഷ്യങ്ങളും മറികടന്ന് സ്വദേശി യുവാക്കൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ നൽകി കമ്പനികൾ. അബുദാബിയിൽ നടന്ന പ്രമുഖ കരിയർ മേളയിലാണ് നിർമ്മിത ബുദ്ധി (AI), എഞ്ചിനീയറിംഗ്, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങിയ തസ്തികകളിൽ സ്വദേശി ഉദ്യോഗാർത്ഥികൾക്കായി കമ്പനികൾ വിപുലമായ നിയമന ഡ്രൈവുകൾ പ്രഖ്യാപിച്ചത്.

50-ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾക്ക് സ്വദേശിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, പല മുൻനിര കമ്പനികളും നിശ്ചിത ശതമാനത്തിനും മുകളിലാണ് നിലവിൽ സ്വദേശികളെ നിയമിച്ചിരിക്കുന്നത്. പ്രമുഖ ഊർജ്ജ സാങ്കേതിക കമ്പനിയായ എസ്‌എൽബി (SLB), എമിറാത്തൈസേഷൻ നിയമം ഔദ്യോഗികമാകുന്നതിന് മുൻപ് തന്നെ 10 ശതമാനം ലക്ഷ്യം മറികടന്നിരുന്നു. ഈ വർഷം മാത്രം 90-ലധികം സ്വദേശികളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൺസ്ട്രക്ഷൻ കമ്പനിയായ സിസി7 (CC7) സിവിൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വദേശികൾക്കായി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയൊരു വിഭാഗം സ്വദേശി യുവാക്കൾ ഇപ്പോൾ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ തേടി മുന്നോട്ടുവരുന്നുണ്ടെന്ന് വ്യവസായ പ്രൊമോഷൻ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രെട്ടറി ഇബ്തിസാം അൽ സാദി വ്യക്തമാക്കി. വ്യവസായം എന്നാൽ വെറും ഫാക്ടറി ജോലികൾ മാത്രമല്ലെന്നും, അതിനപ്പുറം വലിയൊരു ആഗോള സാങ്കേതിക ലോകമാണെന്നും തനാരിസ് (Tenaris) കമ്പനിയിലെ ആദ്യ എമിറാത്തി ടെക്നിക്കൽ സെയിൽസ് എഞ്ചിനീയറായ ഹംദ അൽ മഹ്‌രി സാക്ഷ്യപ്പെടുത്തുന്നു. യൂണിവേഴ്സിറ്റി പഠനത്തിനപ്പുറം ആധുനിക ഓട്ടോമേഷനും എഐ സാങ്കേതികവിദ്യകളും വേഗത്തിൽ പഠിച്ചെടുക്കാൻ കഴിവുള്ള ഉദ്യോഗാർത്ഥികളെയാണ് കമ്പനികൾ പ്രധാനമായും തിരയുന്നത്. സ്വദേശി പ്രതിഭകളെ കമ്പനികളിൽ നിലനിർത്താൻ വലിയ നിക്ഷേപങ്ങളാണ് ഇപ്പോൾ സ്വകാര്യ മേഖലയിൽ നടക്കുന്നത്.

You may also like