Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:07 PM

എയർപോർട്ടിലെ റീൽസ് കളി ഇനി വേണ്ട

പണി പാളിയാൽ നോ-ഫ്ലൈ ലിസ്റ്റിൽ വീഴാം, പ്രവാസികൾക്ക് മുന്നറിയിപ്പ്

by Raneesha Razak

ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളിൽ നിന്നുള്ള സെൽഫികളും റീൽസ് ചിത്രീകരണങ്ങളും ഇനി വലിയ വിനയായേക്കാം. വിമാനത്താവളങ്ങളിലെ നിയന്ത്രിത മേഖലകളിൽ അനധികൃതമായി ചിത്രീകരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില് ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശം നൽകിയതായാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിയമം ലംഘിക്കുന്നവരുടെ ഫോണുകളും ക്യാമറകളും കണ്ടുകെട്ടാനും കടുത്ത ലംഘനമാണെങ്കിൽ വിമാനയാത്രാ വിലക്ക് (നോ-ഫ്ലൈ ലിസ്റ്റ്) ഏർപ്പെടുത്താനും പുതിയ നിർദേശത്തിൽ വ്യവസ്ഥയുണ്ട്.

സോഷ്യൽ മീഡിയാ വ്ലോഗുകളും ഇൻസ്റ്റാഗ്രാം റീൽസുകളും ജനപ്രിയമായതോടെ വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തന രീതികളും അബദ്ധത്തിൽ ഇത്തരം ദൃശ്യങ്ങളിൽ പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ ഈ നീക്കം. വിമാനത്താവളങ്ങളിലെ സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ, ബോർഡിംഗ് ഗേറ്റുകൾ, റൺവേ ബസുകൾ, റൺവേയിലെ വിമാന പാർക്കിംഗ് മേഖലകൾ (ആപ്രണ്‍) തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളിലാണ് ചിത്രീകരണത്തിന് കർശന വിലക്കുള്ളത്. അതേസമയം ലോഞ്ചുകൾ, ചെക്ക്-ഇൻ ഹാളുകൾ തുടങ്ങിയ പൊതുയിടങ്ങളിൽ നിലവിൽ നിയന്ത്രണമില്ലെങ്കിലും സുരക്ഷാ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാണ്.

You may also like