ദുബൈ : യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില നേരിയ തോതിൽ ഉയരും. ഉൾപ്രദേശങ്ങളിൽ പകൽ സമയത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 36 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും പർവത മേഖലകളിൽ 27 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില.
അതേസമയം ശനിയാഴ്ചയോടെ കാലാവസ്ഥയിൽ മാറ്റമുണ്ടാകും. ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാനും സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് താപനിലയിൽ നേരിയ കുറവുണ്ടായേക്കാം. ഞായറാഴ്ചയോടെ ചിലയിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. രാത്രികാലങ്ങളിലും തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര-തീരദേശ മേഖലകളിൽ ഈർപ്പമുള്ള കാലാവസ്ഥയും പുകമഞ്ഞും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.