24
ദുബായ് : വരും മാസങ്ങളിൽ യുഎഇയിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്കും കനത്ത മഴയ്ക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന എൽ നിനോ (El Niño) പ്രതിഭാസം ശക്തമാകുന്നതോടെ, 2026 നവംബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ ഇത് തുടരാൻ 96 ശതമാനം സാധ്യതയുണ്ടെന്നാണ് എൻ.സി.എം പുറത്തുവിട്ട ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നത്.
പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ ഗണ്യമായി ഉയർന്നതാണ് എൽ നിനോ പ്രതിഭാസത്തിന് കാരണമായത്. നീനോ 3.4 മേഖലയിൽ താപനില സാധാരണ നിലയേക്കാൾ 2.3°C വരെ ഉയർന്നതായി കാലാവസ്ഥാ സൂചകങ്ങൾ വ്യക്തമാക്കുന്നു. വരുന്ന ജനുവരി മാസത്തോടെ എൽ നിനോയുടെ സ്വാധീനം യു.എ.ഇയിലെ അന്തരീക്ഷത്തിൽ പ്രകടമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശീതകാലത്തിന്റെ അവസാനത്തോടെ ഉയർന്ന താപനിലയ്ക്കും കൂടുതൽ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ഇത് പെട്ടെന്നുള്ള പ്രളയത്തിനോ കനത്ത കൊടുങ്കാറ്റിനോ കാരണമാകണമെന്ന് നിർബന്ധമില്ലെന്നും, പ്രാദേശിക അന്തരീക്ഷ വ്യതിയാനങ്ങളെ ആശ്രയിച്ചായിരിക്കും മഴയുടെ വ്യാപ്തി തീരുമാനിക്കപ്പെടുകയെന്നും എൻ.സി.എം വ്യക്തമാക്കി. പസഫിക് സമുദ്രത്തിലെ തണുത്ത കാലാവസ്ഥയ്ക്ക് കാരണമായ ‘ലാ നിനോ’ (La Niña) ഘട്ടത്തിന് ശേഷമാണ് ഇപ്പോൾ ചൂട് കൂട്ടുന്ന എൽ നിനോ പ്രഭാവത്തിലേക്ക് കാലാവസ്ഥ മാറുന്നത്.