17
ദുബായ് : യുഎഇയിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. നവംബർ 2 തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയർന്നേക്കാം.
വടക്കൻ, കിഴക്കൻ മേഖലകളിലും രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയർന്നേക്കാം. കടൽത്തീരങ്ങളിൽ മണിക്കൂറിൽ 35 കി.മീറ്ററും, ഉൾപ്രദേശങ്ങളിൽ 45 കി.മീറ്ററും, മലയോരങ്ങളിൽ 50 കി.മീറ്ററും വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം വർദ്ധിക്കുന്നതോടെ ചില തീരദേശ-ഉൾനാടൻ മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ ദിവസങ്ങളിൽ അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും അധികൃതർ.