Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:43 AM

യുഎഇയിൽ കനത്ത മൂടൽമഞ്ഞ് തുടരും

by Raneesha Razak
അബുദാബി: യുഎഇയിൽ അടുത്ത നാല് ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ദൃശ്യപരത കുത്തനെ കുറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ ദൃശ്യപരത പൂജ്യത്തിലേക്ക് വരെ താഴാൻ സാധ്യതയുണ്ട്.

ശനി മുതൽ ചൊവ്വാഴ്ച വരെയാണ് മൂടൽമഞ്ഞും പുകമഞ്ഞും തുടരാൻ സാധ്യതയുള്ളത്. പ്രധാനമായും അർദ്ധരാത്രി മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് മൂടൽമഞ്ഞ് ശക്തമാകുക. ഇത് റോഡുകളിൽ വാഹനമോടിക്കുന്നവർക്ക് വലിയ വെല്ലുവിളിയാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ‘എമിറേറ്റ്സ് അൽ യൗം’ റിപ്പോർട്ട് ചെയ്തു.

ഉയർന്ന ആർദ്രത (High humidity), തെളിഞ്ഞ ആകാശാവസ്ഥ, നേരിയ കാറ്റ് എന്നിവയാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ അനുകൂലമായ സാഹചര്യങ്ങളെന്ന് എൻ.സി.എം വ്യക്തമാക്കി. ‘റേഡിയേഷൻ ഫോഗ്’ (Radiation fog) എന്ന് അറിയപ്പെടുന്ന ഈ പ്രതിഭാസം സീസൺ മാറ്റത്തിന്റെ ഭാഗമായി യുഎഇയിൽ സാധാരണമാണ്. ഒക്ടോബർ, നവംബർ, മാർച്ച് മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസങ്ങളിൽ (മാസത്തിൽ 12 ദിവസത്തിലധികം) മൂടൽമഞ്ഞ് അനുഭവപ്പെടാറുള്ളതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.

അപകടങ്ങൾ ഒഴിവാക്കാൻ വാഹനയാത്രക്കാർ വേഗത കുറയ്ക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം നിരീക്ഷിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

You may also like