ടോക്കിയോ: യുഎഇയും ജപ്പാനും തമ്മിലുള്ള സാംസ്കാരിക പൊരുത്തവും ദീർഘകാല സൗഹൃദവും കൂടുതൽ ദൃഢമാക്കുന്നതിൽ യുവ അംബാസഡർമാർ വഹിക്കുന്ന പങ്കിനെ പ്രകീർത്തിച്ച് ജപ്പാനിലെ യുഎഇ പവലിയൻ അധികൃതർ. ഒസാക്ക എക്സ്പോ 2025-ന്റെ ഭാഗമായി ടോക്കിയോയിലെ കെയോ സർവ്വകലാശാലയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ഈ യുവജന പങ്കാളിത്തം ചർച്ചയായത്. കെയോ സർവ്വകലാശാലയിലെ റീജിയണൽ കൾച്ചർ അറബ് വേൾഡ് കോഴ്സിന്റെ ഭാഗമായി നടന്ന സെഷനിൽ, എക്സ്പോയിലെ യുഎഇ പവലിയന്റെ യൂത്ത് അംബാസഡർ പ്രോഗ്രാം എപ്രകാരമാണ് നേതൃത്വപാടവം, സാംസ്കാരിക പ്രാതിനിധ്യം, ആഗോള ഇടപെടൽ എന്നിവ വിജയകരമായി സമന്വയിപ്പിച്ചതെന്ന് വിശദീകരിച്ചു. കെയോ സർവ്വകലാശാലയും യുഎഇ സർവ്വകലാശാലയും സംയുക്തമായി സ്ഥാപിച്ച ഷെയ്ഖാ ഫാത്തിമ ബിന്ത് മുബാറക് അറബിക് ലാംഗ്വേജ് എജ്യുക്കേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര സഹകരണവും സാംസ്കാരിക നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിൽ വേൾഡ് എക്സ്പോകളുടെ പ്രാധാന്യത്തെക്കുറിച്ച് ജപ്പാനിലെ യുഎഇ അംബാസഡറും എക്സ്പോയിലെ യുഎഇ പവലിയൻ കമ്മീഷണർ ജനറലുമായ ഷിഹാബ് അൽഫഹീം മുഖ്യപ്രഭാഷണം നടത്തി. യുഎഇയുടെ ദീർഘവീക്ഷണവും മൂല്യങ്ങളും ആഗോള സമൂഹവുമായി പങ്കുവെക്കാൻ പവലിയൻ മികച്ച രീതിയിലാണ് കഥാവിഷ്കാരങ്ങളും വാസ്തുവിദ്യയും ഉപയോഗപ്പെടുത്തിയത്. യുവാക്കളെ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ പ്രാപ്തരാക്കുന്നതിനൊപ്പം അവരുടെ ആശയവിനിമയ ശേഷിയും നേതൃത്വപാടവവും വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ യൂത്ത് അംബാസഡർ പ്രോഗ്രാം ‘വി ദി യുഎഇ 2031’ (We the UAE 2031), ‘നാഷണൽ യൂത്ത് അജണ്ട 2031’ എന്നീ ദേശീയ പദ്ധതികൾക്ക് അനുസൃതമായാണ് നടപ്പിലാക്കുന്നത്.
യുഎഇ-ജപ്പാൻ ബന്ധം ശക്തമാക്കാൻ യുവ അംബാസഡർമാർ; മാതൃകയായി ഓസാക്ക എക്സ്പോയിലെ യുഎഇ പവലിയൻ
6