ദുബായ്: പ്രാർത്ഥനകളും ഒത്തുചേരലുകളുമായി യുഎഇയിലുടനീളമുള്ള കുടുംബങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ, ചില ദമ്പതികൾക്ക് ഈ വർഷത്തെ പെരുന്നാൾ ദിനം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റേതായി മാറി. പെരുന്നാൾ പുലരിയിൽ യുഎഇയിലെ വിവിധ ആശുപത്രികളിൽ നിരവധി കുരുന്നുകളാണ് ഭൂമിയിലേക്ക് പിറന്നുവീണത്. ദുബായ് മൻഖൂലിലെ ആസ്റ്റർ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ 12.10-ന് ജനിച്ച ‘കൈറ’ (Kaira) എന്ന പെൺകുഞ്ഞാണ് ഈ വർഷത്തെ ആദ്യ ഈദ് ബേബികളിൽ ഒരാൾ. യുഎഇയിൽ പ്രവാസികളായ ജോഷ്വ ട്രിനിഡാഡ് – അൽമിറ ലാറ്റ് ട്രിനിഡാഡ് എന്ന ഫിലിപ്പീൻസ് ദമ്പതികളുടെ ആദ്യത്തെ കൺമണിയാണ് കൈറ.
അടിയന്തിര ശസ്ത്രക്രിയയിലൂടെ (LSCS) പുറത്തെടുത്ത കുഞ്ഞിന് 3.025 കിലോഗ്രാം തൂക്കമുണ്ട്. ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന ഈ പ്രത്യേക ദിനത്തിൽ തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖക്കുഞ്ഞ് എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഡോക്ടർമാർക്കും നഴ്സുമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ദമ്പതികൾ പറഞ്ഞു. കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേട്ട നിമിഷം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പെരുന്നാൾ സമ്മാനമാണെന്നാണ് ഈ മാതാപിതാക്കൾ വിശേഷിപ്പിച്ചത്.