Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 12:44 PM

ബലിപെരുന്നാൾ സമ്മാനമായി ഷാർജ അൽ ഖാൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

by Raneesha Razak

ഷാർജ : ഒരു മാസത്തിൽ താഴെ മാത്രം സമയമെടുത്ത് റെക്കോർഡ് വേഗതയിൽ നിർമ്മാണം പൂർത്തിയാക്കിയ ‘അൽ ഖാൻ പാർക്ക്’ (Al Khan Park) പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അൽ ഖാൻ മേഖലയിൽ 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഒരുക്കിയ ഈ പുതിയ ഹരിത പാർക്ക്, ബലിപെരുന്നാൾ ആഘോഷ വേളയിൽ ജനങ്ങൾക്ക് മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമായി മാറും. എമിറേറ്റിലെ പൊതു പാർക്കുകൾ വികസിപ്പിക്കാനും പരിപാലിക്കാനും അതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീർഘവീക്ഷണത്തിന് അനുസൃതമായാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 30-നാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഉയർന്ന എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൃത്യമായ ആസൂത്രണത്തോടെ മുനിസിപ്പാലിറ്റിയിലെ പ്രോജക്ട് ആന്റ് ഫെസിലിറ്റീസ് മെയിന്റനൻസ് ടീം പെരുന്നാൾ അവധിക്ക് മുൻപായിത്തന്നെ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. ഫുട്ബോൾ മൈതാനം, കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലം, ഇരിപ്പിടങ്ങൾ, വാക്കിങ് ട്രാക്കുകൾ, അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ശാന്തവും മനോഹരവുമായ അന്തരീക്ഷം സമ്മാനിക്കുന്നതിനായി പാർക്കിന്റെ 3,000 ചതുരശ്ര മീറ്ററോളം ഭാഗം പച്ചപ്പുല്ല് പിടിപ്പിച്ച് ലാൻഡ്‌സ്‌കേപ്പ് ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

You may also like