മനാമ: ബുദയ്യയിൽ കഴിഞ്ഞ ഞായറാഴ്ച ഇ-സ്കൂട്ടറും വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 വയസ്സുകാരനായ സൽമാൻ മരിച്ചതിനെത്തുടർന്ന്, രാജ്യത്ത് ഇ-സ്കൂട്ടറുകൾക്കായി ദേശീയ പോലീസ് രജിസ്ട്രി രൂപീകരിക്കണമെന്ന് നോർത്തേൺ മുൻസിപ്പൽ കൗൺസിലർമാർ ആവശ്യപ്പെട്ടു. നോർത്തേൺ ഗവർണറേറ്റ് കൗൺസിലർ മുഹമ്മദ് അൽ ദോസരിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇ-സ്കൂട്ടറുകൾ റോഡിൽ ഓടിക്കുന്നത് നിയമവിധേയമാക്കാനല്ല ഈ നീക്കമെന്നും, മറിച്ച് അപകടങ്ങളോ നിയമലംഘനങ്ങളോ ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ടവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനുമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
സൽമാന്റെ അപ്രതീക്ഷിത മരണം ബഹ്റൈനിലെ പ്രവാസി സമൂഹത്തെയും സ്വദേശികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ അനുശോചനം രേഖപ്പെടുത്തുകയും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഓരോ സ്കൂട്ടറിലും ഉടമയുടെ വിവരങ്ങൾ അടങ്ങിയ ക്യുആർ (QR) കോഡോ ബാർകോഡോ നിർബന്ധമാക്കണമെന്നാണ് നിർദ്ദേശം. പരിശോധന വേളയിലോ അപകടം നടക്കുമ്പോഴോ പോലീസിന് ഇത് സ്കാൻ ചെയ്ത് ഉടമയെ ഉടൻ തിരിച്ചറിയാൻ സാധിക്കും. ഇത് ഉടമകളിൽ കൂടുതൽ ജാഗ്രതയുണ്ടാക്കുമെന്നും അൽ ദോസരി പറഞ്ഞു.
കുട്ടികൾ ഇ-സ്കൂട്ടറുകൾ റോഡുകളിൽ ഇറക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. 2025 ഫെബ്രുവരി മുതൽ ബഹ്റൈൻ ട്രാഫിക് ഡയറക്ടറേറ്റ് പൊതുനിരത്തുകളിലും എമർജൻസി ലൈനുകളിലും ലൈസൻസില്ലാത്ത സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇത് ലംഘിക്കുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. മുഹറഖ് പോലുള്ള സ്ഥലങ്ങളിൽ കൗമാരക്കാർ അശ്രദ്ധമായി സ്കൂട്ടർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സൈക്കിൾ യാത്രക്കാരേക്കാൾ നാല് മടങ്ങ് അപകടസാധ്യത ഇ-സ്കൂട്ടർ യാത്രക്കാർക്ക് ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.