ദോഹ : ലോക പത്രസ്വാതന്ത്ര്യ ദിനത്തിൽ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കായി ഖത്തർ പ്രസ് സെന്റർ (QPC) ശക്തമായി വാദിച്ചു. നീതിയും സുതാര്യതയുമുള്ള ഒരു സമൂഹത്തിന് സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണെന്നും, വ്യാജവാർത്തകളെയും തെറ്റായ പ്രചാരണങ്ങളെയും പ്രതിരോധിക്കാൻ ദേശീയ മാധ്യമങ്ങൾ കരുത്താർജ്ജിക്കണമെന്നും സെന്റർ ആഹ്വാനം ചെയ്തു. സംഘർഷ മേഖലകളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന സുരക്ഷാ ഭീഷണികളിൽ ആശങ്ക രേഖപ്പെടുത്തിയ QPC, അവർക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ലോകത്താകെ 129 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ദശകങ്ങളിലെ ഏറ്റവും ഉയർന്ന കണക്കാണെന്ന് സെന്റർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം 262 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതും അനേകം പേർ തടവിലാക്കപ്പെട്ടതും മാധ്യമപ്രവർത്തകരെ ആസൂത്രിതമായി ലക്ഷ്യം വെക്കുന്നതിന്റെ തെളിവാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്ത സാഹചര്യം ഇത്തരം അക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. ഫലസ്തീൻ, ലെബനൻ, സുഡാൻ എന്നിവിടങ്ങളിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന മാധ്യമപ്രവർത്തകർക്ക് സെന്റർ ആദരവ് അർപ്പിച്ചു.
സാങ്കേതിക മാറ്റങ്ങളും സാമ്പത്തിക പ്രതിസന്ധികളും മാധ്യമരംഗത്തെ ബാധിക്കുമ്പോഴും, കൃത്യതയും നിഷ്പക്ഷതയും കൈവിടാതെ പ്രവർത്തിക്കാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിൽ വിശ്വാസ്യതയുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യമുണ്ട്. മാധ്യമപ്രവർത്തകരെ സംരക്ഷിക്കുക എന്നത് ഒരു അന്താരാഷ്ട്ര ബാധ്യതയാണെന്നും, ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഖത്തർ പ്രസ് സെന്റർ ഓർമ്മിപ്പിച്ചു.