ദുബായ്: ബലിപെരുന്നാൾ അവധിക്കാലത്ത് യുഎഇയിലെ വാഹനഉടമകൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് ദുബായിലെയും ഷാർജയിലെയും തെരഞ്ഞെടുത്ത പ്രമുഖ മാളുകളിലും വാണിജ്യ-താമസ മേഖലകളിലും സൗജന്യ പാർക്കിങ് അനുവദിച്ച് പ്രമുഖ ഡിജിറ്റൽ പാർക്കിങ് മാനേജ്‌മെന്റ് കമ്പനിയായ പാർക്കോണിക് (Parkonic). ഞായറാഴ്ചകളിലും ഔദ്യോഗിക ഈദ് പൊതുഅവധി ദിവസങ്ങളിലും ഈ ആനുകൂല്യം ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ദുബായിലെ എസ്എംഇ ബിസിനസ് വില്ലേജ്, ലുലു സിലിക്കൺ സെൻട്രൽ, അൽ വർഖ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP), റാഷിദിയ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകൾ, ദുബായ് സിലിക്കൺ ഒയാസിസിലെ ഓൺ-സ്ട്രീറ്റ് പാർക്കിങ് കേന്ദ്രങ്ങൾ എന്നിവടങ്ങളിലാണ് ദുബായിൽ സൗജന്യ പാർക്കിങ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ ഷാർജയിലെ മുവൈല, ബുഹൈറ, ബുത്തീന എന്നിവിടങ്ങളിലെ ലുലു ശാഖകളിലും അവധി ദിവസങ്ങളിൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാം. ഓരോ സ്ഥലത്തെയും പാർക്കിങ് നിബന്ധനകളിലും സമയക്രമങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മുൻപായി അവിടെ സ്ഥാപിച്ചിട്ടുള്ള ബോർഡുകളിലെ നിർദ്ദേശങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
25