കുവൈറ്റ് സിറ്റി : വ്യാജരേഖ ചമച്ച് കുവൈറ്റ് പൗരത്വം നേടിയ കേസിൽ സൗദി പൗരന് ഏഴ് വർഷം കഠിനതടവും ഏകദേശം 3.8 ദശലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. കുവൈറ്റ് ക്രിമിനൽ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. 1993 മുതൽ 2025 വരെ നീണ്ടുനിന്ന, പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പുകളിൽ ഒന്നായാണ് ഈ കേസ് കണക്കാക്കപ്പെടുന്നത്. കേസിൽ ഉൾപ്പെട്ട പ്രതിയുടെ പിതാവിനും കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
4,20,000 ദിർഹം നൽകിയാണ് ഇയാൾ വ്യാജ പൗരത്വം സംഘടിപ്പിച്ചത്. പൗരത്വം നിയമവിരുദ്ധമായി നേടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൗരത്വം റദ്ദാക്കപ്പെട്ട ഒരാളുടെ മകനാണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. എന്നാൽ നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിൽ, ഇയാളുടെ ബയോമെട്രിക് വിരലടയാളം സൗദി തിരിച്ചറിയൽ കാർഡിലെ ഫോട്ടോയുമായി പൊരുത്തപ്പെട്ടതോടെ കള്ളം വെളിച്ചത്താവുകയായിരുന്നു.
വ്യാജ പൗരത്വം ഉപയോഗിച്ച് ഇയാൾ സർക്കാർ ജോലി നേടുകയും പ്രതിരോധ മന്ത്രാലയത്തിൽ കോർപ്പറൽ ആയും പിന്നീട് ആഭ്യന്തര മന്ത്രാലയത്തിൽ പോലീസ് ഓഫീസറായും ജോലി ചെയ്യുകയും ചെയ്തു. ഈ കാലയളവിൽ ശമ്പളം, സാമ്പത്തിക ആനുകൂല്യങ്ങൾ, വായ്പകൾ, പെൻഷൻ ഇനത്തിലുമായി 1.26 ദശലക്ഷം ദിർഹത്തിലധികം സർക്കാർ ഖജനാവിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഇത്തരത്തിൽ തട്ടിയെടുത്ത തുകയുടെ ഇരട്ടിയിലധികമാണ് കോടതി പിഴയായി വിധിച്ചിരിക്കുന്നത്.