Featured Partner • Sponsored Advertisement
Reboot Computers
Loading info...
Aug 28, 2026 | 09:44 AM

ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യുഎഇ

by Raneesha Nizar

അബുദാബി : വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് കൂടുതൽ കരുത്തുപകരുന്നതിനായി ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി വിസ ഓൺ അറൈവൽ (Visa on Arrival) ആനുകൂല്യം അനുവദിച്ച് യുഎഇ. ഇൻഡോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ സാധാരണ പാസ്‌പോർട്ട് കൈവശമുള്ളവർക്കാണ് ഈ പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആണ് ഈ വിവരം അറിയിച്ചത്.
ഇതനുസരിച്ച് യോഗ്യരായ യാത്രക്കാർക്കും ഒപ്പമുള്ള കുടുംബാംഗങ്ങൾക്കും യുഎഇയിൽ എത്തുമ്പോൾ 14 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും. എന്നാൽ ഇതിനായി അപേക്ഷകർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് (US), യൂറോപ്യൻ യൂണിയൻ (EU) അംഗരാജ്യങ്ങൾ, യുണൈറ്റഡ് കിംഗ്ഡം (UK), സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അല്ലെങ്കിൽ കാനഡ എന്നീ രാജ്യങ്ങളിലേതെങ്കിലും ഒന്നിലെ സാധുവായ റെസിഡൻസ് പെർമിറ്റ് (താമസ വിസ) ഉണ്ടായിരിക്കണം.
പുതിയ നിയമപ്രകാരം 14 ദിവസത്തെ വിസയ്ക്ക് 100 ദിർഹമാണ് ഫീസ്, ഇത് യുഎഇയിൽ ആയിരിക്കുമ്പോൾ തന്നെ ഒരു തവണ കൂടി നീട്ടാൻ സാധിക്കും. എന്നാൽ 60 ദിവസത്തെ വിസയ്ക്ക് 250 ദിർഹമാണ് ഫീസ്, ഇത് വീണ്ടും നീട്ടാൻ സാധിക്കില്ല. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം ഓവർസ്റ്റേ പിഴ ഈടാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. സൗഹൃദ രാജ്യങ്ങളുമായുള്ള സാമ്പത്തിക-സാംസ്കാരിക ബന്ധം ശക്തമാക്കാനും ആഗോള നിക്ഷേപകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

You may also like