Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:43 PM

500 വർഷം പഴക്കമുള്ള സാമുറായ് കവചം അബുദാബിയിൽ പ്രദർശിപ്പിച്ചു

ജാപ്പനീസ് പാരമ്പര്യം വിളിച്ചോതി ADIHEX 2026

by Raneesha Razak

അബുദാബി : അബുദാബി അന്താരാഷ്ട്ര വേട്ടയാടൽ, കുതിരപ്പന്തയ എക്‌സിബിഷനിൽ (ADIHEX 2026) അഞ്ഞൂറ് വർഷത്തോളം പഴക്കമുള്ള അപൂർവ്വ സാമുറായ് കവചം (Samurai armour) പ്രദർശിപ്പിച്ചു. പാരമ്പര്യ കവച നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള ജാപ്പനീസ് കമ്പനിയായ ‘മാരുതകെ ഇൻഡസ്ട്രി’യാണ് ജപ്പാന്റെ പോരാട്ട സംസ്കാരം വിളിച്ചോതുന്ന ഈ ചരിത്രശേഷിപ്പ് സന്ദർശകർക്കായി അവതരിപ്പിച്ചത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കവചം അക്കാലത്തെ രാജാക്കന്മാർക്കും സേനാധിപന്മാർക്കും വേണ്ടി മാത്രമാണ് രൂപകൽപ്പന ചെയ്തിരുന്നതെന്ന് കമ്പനി പ്രതിനിധികൾ വ്യക്തമാക്കി. യുദ്ധഭൂമിയിലെ പ്രതിരോധത്തിന് പുറമെ ഭാഗ്യം, സമൃദ്ധി, ഉയർന്ന സാമൂഹിക പദവി എന്നിവയുടെ പ്രതീകമായിട്ടാണ് ഇത്തരത്തിലുള്ള സാമുറായ് കവചങ്ങളെ ജാപ്പനീസ് പാരമ്പര്യത്തിൽ കണക്കാക്കിയിരുന്നത്.
യന്ത്രസഹായമില്ലാതെ പൂർണ്ണമായും കൈകൊണ്ട് നിർമ്മിച്ച ഈ കവചത്തിന് 20 കിലോഗ്രാമിലധികം ഭാരമുണ്ട്. ഇരുമ്പ് തകിടുകൾ, സ്വർണ്ണപ്പത്രങ്ങൾ, മാൻ തോൽ, പട്ടുനൂലുകൾ, കുതിരരോമം, തടി എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. യുദ്ധത്തിൽ പോരാളികളുടെ പ്രായം എതിരാളികളിൽ നിന്ന് മറച്ചുവെക്കാൻ സഹായിക്കുന്ന പ്രത്യേക ഇരുമ്പ് മുഖംമൂടിയും 10 കിലോഗ്രാം ഭാരമുള്ള ഹെൽമെറ്റും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്. പരുന്തിന്റെ ചിറകുകളും ഡ്രാഗൺ പ്രതീകങ്ങളും സ്വർണ്ണപ്പത്രങ്ങളും കോർത്തിണക്കി നിർമ്മിച്ച ഈ കവചം ജാപ്പനീസ് കരകൗശല വിദ്യയുടെയും അവിശ്വസനീയമായ കൃത്യതയുടെയും മികച്ച ഉദാഹരണമായി എക്‌സിബിഷനിൽ മാറിക്കഴിഞ്ഞു.

You may also like