7
ഷാർജ: വീടിനുള്ളിൽ ചെറിയ അളവിൽ വെള്ളമുണ്ടായിരുന്ന പ്ലാസ്റ്റിക് വാഷ് ബേസിനിൽ കമിഴ്ന്നുവീണ് പെൺകുഞ്ഞ് മരിച്ചു. കുട്ടികളുടെ കാര്യത്തിൽ വീടുകളിൽ പോലും എത്രത്തോളം ജാഗ്രത വേണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ ദാരുണ സംഭവം. സ്വിമ്മിംഗ് പൂളുകളോ മറ്റ് വലിയ ജലാശയങ്ങളോ ഇല്ലാത്ത വീടുകളിൽ പോലും അശ്രദ്ധ മൂലം മിനിറ്റുകൾക്കകം അപകടങ്ങൾ സംഭവിക്കാമെന്നും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും ഷാർജ പൊലീസ് (അൽ ദബ) മുന്നറിയിപ്പ് നൽകി.
കുട്ടികൾക്ക് അരികിൽ വെള്ളം വെച്ചുള്ള പാത്രങ്ങളോ ടബ്ബുകളോ അശ്രദ്ധമായി സൂക്ഷിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ശബ്ദമുണ്ടാക്കാതെ നിമിഷനേരം കൊണ്ട് വെള്ളത്തിൽ മുങ്ങി അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും മാതാപിതാക്കളും സംരക്ഷകരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.