81
ഷാർജ: മകളുടെ ഉപരിപഠനം മുടങ്ങുമെന്ന ആശങ്കയിൽ ലൈവ് റേഡിയോ പരിപാടിയിലേക്ക് വിളിച്ച് സഹായം തേടിയ അമ്മയ്ക്ക് ഷാർജ ഭരണാധികാരിയുടെ കൈത്താങ്ങ്. റേഡിയോയിൽ സംസാരിച്ചു തീരുന്നതിന് മുൻപ് തന്നെ പ്രശ്നത്തിൽ ഇടപെട്ട ഷാർജ ഭരണാധികാരി, പെൺകുട്ടിയുടെ പഠനം പൂർത്തിയാക്കാൻ സർവകലാശാലാ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. ‘അൽ ഖലീജ്’ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഷാർജ റേഡിയോ ആൻഡ് ടെലിവിഷന്റെ ‘ഡയറക്ട് ലൈൻ’ (Direct Line) എന്ന തത്സമയ പരിപാടിക്കിടെയാണ് ഈ ഹൃദ്യമായ സംഭവം നടന്നത്. മുഹമ്മദ് ഖലഫ് അവതരിപ്പിച്ച ഈ പരിപാടിയിലേക്കാണ് ‘ഉമ്മു മർയം’ എന്ന പേരിൽ ഒരു മാതാവ് വിളിച്ചത്. കുവൈറ്റ് പൗരനെ വിവാഹം കഴിച്ച എമിറാത്തി വനിതയാണ് താനെന്നും, ഷാർജ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മകളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഭർത്താവിന്റെ പൗരത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് നിലച്ചുപോയെന്നും അവർ കണ്ണീരോടെ വ്യക്തമാക്കി. മകളുടെ ബിരുദപഠനം ഇനി എങ്ങനെ തുടരുമെന്ന ആശങ്കയായിരുന്നു അവർ പങ്കുവെച്ചത്.
എന്നാൽ, വിഷയം മുഴുവൻ പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ പ്രോഗ്രാം അവതാരകൻ ഇടപെടുകയായിരുന്നു. പരിപാടി ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇതിനോടകം തന്നെ ഉത്തരവ് പുറപ്പെടുവിച്ചതായി അവതാരകൻ അറിയിച്ചു. പെൺകുട്ടിയുടെ പഠനം പൂർത്തിയാക്കാൻ ആവശ്യമായ അടുത്ത ഒന്നര വർഷത്തെ (18 മാസം) മുഴുവൻ ചെലവുകളും വഹിച്ചുകൊണ്ട് ഷാർജ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പ് നൽകാനാണ് ഭരണാധികാരി നിർദ്ദേശം നൽകിയിരിക്കുന്നത്.