3
ഷാർജ: എമിറേറ്റിലെ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം ഉറപ്പാക്കുന്നതിനായി പുതിയ ധാർമ്മിക ചട്ടക്കൂട് (Ethical Framework) പുറത്തിറക്കി ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (SPEA). വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ഒപ്പം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യതയും ഡാറ്റയും സംരക്ഷിക്കുകയാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യം.
യുഎഇയുടെ ദേശീയ നയങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായി തയ്യാറാക്കിയിരിക്കുന്ന ഈ ചട്ടക്കൂട് സുതാര്യത, ഉത്തരവാദിത്തം, സൈബർ സുരക്ഷ, വിമർശനാത്മക ചിന്ത എന്നിവയ്ക്ക് മുൻഗണന നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിർമ്മിക്കുന്ന വിവരങ്ങളും ഉള്ളടക്കങ്ങളും കൃത്യമായി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും ഇത് ഊന്നിപ്പറയുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ വിദ്യാഭ്യാസ രംഗത്തേക്ക് സംയോജിപ്പിക്കുമ്പോൾ തന്നെ വിദ്യാർത്ഥികളുടെ അവകാശങ്ങളും അധ്യാപകരുടെ പ്രസക്തിയും ഉറപ്പാക്കുന്നതാണ് ഈ പുതിയ പദ്ധതിയെന്ന് എസ്പിഇഎ കരിക്കുലം ആൻഡ് അസസ്മെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ആയിഷ ബുട്ടി അൽ ഘഫ്ലി വ്യക്തമാക്കി.
വ്യക്തിഗത പഠനരീതികളെ പിന്തുണയ്ക്കുക, നവീകരണം പ്രോത്സാഹിപ്പിക്കുക, അധ്യാപകരുടെ ഡിജിറ്റൽ കഴിവുകൾ മെച്ചപ്പെടുത്തുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. അക്കാദമിക സമഗ്രത നിലനിർത്തുന്നതിനായി അസൈൻമെന്റുകളിലും പ്രോജക്ടുകളിലും എഐ ഉപയോഗിക്കുന്നതിനുള്ള കർശനമായ നിയമങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ തങ്ങളുടെ എഐ ഉപയോഗം വെളിപ്പെടുത്തണമെന്നും, എഐ നിർമ്മിത ഉള്ളടക്കങ്ങൾ ഒരിക്കലും വിദ്യാർത്ഥികളുടെ സ്വന്തം കഠിനാധ്വാനത്തിന് പകരമാകരുത് എന്നും ചട്ടക്കൂട് വ്യക്തമാക്കുന്നു.