Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 04:34 PM

ദുബായ് വിമാനത്താവളത്തിൽ ചത്ത നിലയിൽ അപൂർവ്വ ഇനം കരടിക്കൂട്ടികളെ കണ്ടെത്തി; ഏഷ്യൻ സ്വദേശിനി പിടിയിൽ

by Raneesha Razak

ദുബായ് : ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗേജിൽ ഒളിപ്പിച്ച നിലയിൽ ചത്ത അപൂർവ്വ ഇനം കരടിക്കൂട്ടികളെ ദുബായ് കസ്റ്റംസ് കണ്ടെത്തി. ഏഷ്യൻ സ്വദേശിനിയായ യാത്രക്കാരിയുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ഈ ക്രൂരത പുറത്തുവന്നത്. സ്കാനിംഗ് മെഷീനിൽ സംശയാസ്പദമായ രീതിയിൽ ചില വസ്തുക്കൾ കണ്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ സൂട്ട്കേസിനുള്ളിലെ കൊട്ടയിൽ ഒളിപ്പിച്ച നിലയിലാണ് കരടിക്കൂട്ടികളെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ, തനിക്ക് ലഭിച്ച ഒരു ഡെലിവറി ഫീസിന് പകരമായി സൂട്ട്കേസ് എത്തിച്ചു നൽകാൻ സമ്മതിക്കുകയായിരുന്നുവെന്ന് യാത്രക്കാരി പറഞ്ഞു. ദുബായിൽ എത്തുമ്പോൾ മറ്റൊരാൾ തന്നെ ബന്ധപ്പെടുമെന്നും ലഗേജ് കൈമാറണമെന്നും നിർദ്ദേശിച്ചിരുന്നു. സാധാരണ യാത്രക്കാരെ ഇത്തരം കള്ളക്കടത്ത് സംഘങ്ങൾ അറിവോ സമ്മതമോ ഇല്ലാതെ ദുരുപയോഗം ചെയ്യുന്ന രീതിയാണിതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെ വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ കരടിക്കൂട്ടികൾ ചത്തതായി സ്ഥിരീകരിച്ചു. ഇവ വംശനാശഭീഷണി നേരിടുന്നതും അന്താരാഷ്ട്ര തലത്തിൽ സംരക്ഷിക്കപ്പെടുന്നതുമായ വർഗ്ഗത്തിൽപ്പെട്ടതാണെന്നും അദ്ദേഹം ഉറപ്പിച്ചു.

അപൂർവ്വ വന്യജീവികളുടെ അനധികൃത കടത്ത് തടയുന്നതിനുള്ള രാജ്യാന്തര കരാറായ ‘സൈറ്റസ്’ (CITES) നിയമങ്ങളുടെ ലംഘനമാണിത്. അത്യാധുനിക സാങ്കേതിക വിദ്യയും ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും ഒത്തുചേർന്നതുകൊണ്ടാണ് ഇത്തരം കള്ളക്കടത്തുകൾ പിടികൂടാൻ സാധിക്കുന്നതെന്ന് കസ്റ്റംസ് പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു.

പരിചയമില്ലാത്തവരിൽ നിന്ന് ലഗേജുകളോ പാഴ്സലുകളോ വാങ്ങുകയോ എത്തിച്ചു നൽകാൻ സമ്മതിക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. അറിവില്ലായ്മയാണെന്ന് പറഞ്ഞാലും നിയമപരമായി ഇതിന്റെ ഉത്തരവാദിത്തം വഹിക്കേണ്ടി വരും. സംഭവത്തിൽ ദുബായ് പോലീസിലെ എൻവയോൺമെന്റൽ ക്രൈംസ് യൂണിറ്റ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like