Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 04:34 PM

ദുബായിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 19 പേർക്ക് പരിക്ക്

by Raneesha Razak

ദുബായ് : ദുബായ് അൽ യലായിസ് സ്ട്രീറ്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു തൊഴിലാളി മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്. തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസ്സിൽ ട്രക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ഈ സംഭവത്തിന് പിന്നാലെ ദുബായ് പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകി.

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപം എമിറേറ്റ്‌സ് റോഡിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. സാങ്കേതിക തകരാറിനെത്തുടർന്ന് ബസ്സ് പെട്ടെന്ന് റോഡിന് നടുവിൽ നിന്നുപോവുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന ട്രക്ക് ബസ്സിലിടിക്കുകയായിരുന്നുവെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ പറഞ്ഞു. ട്രക്ക് ഡ്രൈവർ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതും മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കാതിരുന്നതുമാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്.

പരിക്കേറ്റവരിൽ രണ്ട് പേർക്ക് ഇടത്തരം പരിക്കും ഒൻപത് പേർക്ക് നിസ്സാര പരിക്കുകളുമാണുള്ളത്. എല്ലാവരെയും ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് ഉടൻ തന്നെ ട്രാഫിക് പട്രോളിംഗ് സംഘവും അന്വേഷണ ഉദ്യോഗസ്ഥരും എത്തി ഗതാഗതം നിയന്ത്രിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

വാഹനത്തിന് ഇന്ധനം തീരുകയോ ടയർ പഞ്ചറാവുകയോ സാങ്കേതിക തകരാർ സംഭവിക്കുകയോ ചെയ്താൽ ഒരു കാരണവശാലും റോഡിന് നടുവിൽ വാഹനം നിർത്തരുതെന്ന് പോലീസ് നിർദ്ദേശിച്ചു. യാത്ര തുടങ്ങുന്നതിന് മുൻപ് വാഹനത്തിന്റെ കണ്ടീഷൻ കൃത്യമായി പരിശോധിക്കണം. റോഡിന് നടുവിൽ വാഹനം നിർത്തുന്നത് മാരകമായ അപകടങ്ങൾക്ക് കാരണമാകുമെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും ദുബായ് പോലീസ് ഓർമ്മിപ്പിച്ചു.

You may also like