ദുബായ് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് നേരിട്ടെത്തി സന്ദർശനം നടത്തി. ബുധനാഴ്ച രാവിലെയാണ് വിമാനത്താവളത്തിന് നേരെ അപ്രതീക്ഷിതവും ക്രൂരവുമായ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലവും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും പ്രധാനമന്ത്രി സന്ദർശനത്തിനിടെ വിലയിരുത്തി. ആക്രമണത്തിൽ ടെർമിനലിലെ വിവിധ സുപ്രധാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സപ്പെട്ട സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനുമായി വിവിധ സുരക്ഷാ-സാങ്കേതിക വിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തി. വിമാനത്താവളത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ടെർമിനൽ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ സങ്കീർണ്ണതകൾ ഒഴിവാക്കി മികച്ച രീതിയിൽ ഇടപെട്ട എയർപോർട്ട് ജീവനക്കാരെയും എമർജൻസി റെസ്‌പോൺസ് ടീമിനെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.