യുഎഇ : ബംഗ്ലാദേശിൽ ഹൃദ്രോഗം ബാധിച്ച കുട്ടികൾക്ക് പുതുജീവൻ പകർന്ന് യുഎഇയിൽ നിന്നുള്ള മെഡിക്കൽ സംഘം. ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ ‘ലിറ്റിൽ ഹാർട്ട്സ്’ ക്യാമ്പയിന്റെ ഭാഗമായി 65 കുട്ടികളിലാണ് വിജയകരമായി കാർഡിയാക് കത്തീറ്ററൈസേഷൻ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. ഷാർജ ചാരിറ്റി അസോസിയേഷന്റെ എക്സ്റ്റേണൽ പ്രൊജക്ട്സ് ആൻഡ് എയ്ഡ് സെക്ടർ മേധാവി അലി മുഹമ്മദ് അൽ റാഷിദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബംഗ്ലാദേശിൽ സന്ദർശനം നടത്തിയത്.
അൽ ഖാസിമി വുമൺസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് കാർഡിയോളജി കൺസൾട്ടന്റ് ഡോ. അഹമ്മദ് അൽ കമാലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സന്നദ്ധ മെഡിക്കൽ സംഘം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹാർട്ട് ഡിസീസ് സെന്ററിൽ വെച്ച് നൂറ്റിയറുപതോളം കുട്ടികളെ വിശദമായ പരിശോധനയ്ക്ക് വിധേയരാക്കി. ബംഗ്ലാദേശിലെ യുഎഇ അംബാസഡർ അബ്ദുള്ള അൽ ഹമ്മൂദി, വിദേശസഹായ ഏകോപന ഓഫീസ് ഡയറക്ടർ റാഷിദ് അൽ മീൽ അൽ സാബി എന്നിവരും ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായി. രാജ്യത്തുടനീളം നിരവധി മെഡിക്കൽ, ദുരിതാശ്വാസ പരിപാടികളാണ് ഈ ക്യാമ്പയിന്റെ ഭാഗമായി യുഎഇ സംഘം സംഘടിപ്പിച്ചു വരുന്നത്.