അബുദാബി : കുടുംബ ബന്ധങ്ങളെയും സാമൂഹിക മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം ദേശീയ ഐഡന്റിറ്റിയും സാംസ്‌കാരിക തനിമയും നിലനിർത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) ന്യൂ മീഡിയയും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് എമിറേറ്റ്‌സ് സ്‌കോളർ സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ് വ്യക്തമാക്കി. അബുദാബിയിൽ വെച്ച് നടന്ന മൂന്നാമത് അന്താരാഷ്ട്ര സഹിഷ്ണുത-നാഗരിക സംവാദ കോൺഫറൻസിലാണ് സെന്റർ ജനറൽ സെക്രട്ടറി ഡോ. ഫവാസ് ഹബ്ബാൽ ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
‘കുടുംബത്തിലും സമൂഹത്തിലും ന്യൂ മീഡിയയുടെയും എഐയുടെയും സ്വാധീനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കോൺഫറൻസിൽ ഡിജിറ്റൽ പരിവർത്തനവും എഐ സാങ്കേതികവിദ്യകളും വരുംതലമുറയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശദമായി ചർച്ച ചെയ്തു. ശാസ്ത്രീയമായ അടിത്തറയോടെയും വിശ്വസനീയമായ സ്രോതസ്സുകളോടെയും ഉപയോഗിച്ചാൽ ഈ സാങ്കേതികവിദ്യകൾ വലിയ വികസന സാധ്യതകളാണ് തുറന്നുനൽകുന്നത്. എഐ രംഗത്ത് ആഗോള നേതൃത്വത്തിലേക്ക് യുഎഇ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും സാങ്കേതിക പുരോഗതിയെ രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി തലമുറയെ എഐ ടൂളുകൾ കൃത്യമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിലൂടെ മാനവികതയ്ക്കും സമൂഹത്തിനും വലിയ സേവനം നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.