12
ദുബായ് : പ്രമുഖ ആഗോള റീട്ടെയിൽ, ലൈഫ് സ്റ്റൈൽ ഗ്രൂപ്പായ മാജിദ് അൽ ഫുത്തൈം (MAF) 2026-ന്റെ ആദ്യ പകുതിയിൽ എക്കാലത്തെയും ഉയർന്ന സാമ്പത്തിക നേട്ടം കൈവരിച്ചു. നികുതി കിഴിച്ചുള്ള ഗ്രൂപ്പിന്റെ ലാഭം 25 ശതമാനം വർധിച്ച് 1.8 ശതകോടി ദിർഹമിലെത്തി. കമ്പനിയുടെ മൊത്തം വരുമാനം ഒരു ശതമാനം വർധിച്ച് 17.5 ശതകോടി ദിർഹമായി ഉയർന്നപ്പോൾ, പലിശയും നികുതിയും കിഴിക്കുന്നതിന് മുൻപുള്ള ലാഭം (EBITDA) 11 ശതമാനം ഉയർന്ന് 2.5 ശതകോടി ദിർഹമിലെത്തി.
വ്യാപാര വികസനം, ഷോപ്പിംഗ് മാളുകൾ, സിനിമാസ്, ഡിജിറ്റൽ ബിസിനസ്സ് എന്നീ മേഖലകളിൽ നിന്നുള്ള ഉയർന്ന വരുമാനമാണ് ലാഭത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കിയത്. പ്രമേഖലാതല വെല്ലുവിളികൾ നിലനിന്നിരുന്നിട്ടും ശക്തമായ മുൻകരുതലുകളോടെ മുന്നോട്ടുപോകാൻ സാധിച്ചതായി മാജിദ് അൽ ഫുത്തൈം ഭാരവാഹികൾ വ്യക്തമാക്കി. നിലവിൽ 100 ശതകോടി ദിർഹമിലധികം മൂല്യമുള്ള വികസന പദ്ധതികളാണ് ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതിൽ ദുബായ് സൗത്തുമായി ചേർന്ന് നിർമ്മിക്കുന്ന 62 ശതകോടി ദിർഹമിന്റെ പദ്ധതിയും പ്രശസ്തമായ മോൾ ഓഫ് ദി എമിറേറ്റ്‌സ് പുനർവികസനവും ഉൾപ്പെടുന്നു.
റീട്ടെയിൽ മേഖലയിൽ ചെറിയ മന്ദഗതി പ്രകടമായെങ്കിലും, മാൾ വരുമാനം 12 ശതമാനം വർധിച്ചു. കൂടാതെ ഡിജിറ്റൽ ബിസിനസ് മേഖലകളിലും മികച്ച വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ പ്രധാന വിപണികളിൽ വരും വർഷങ്ങളിലും വൻ നിക്ഷേപങ്ങൾ തുടരുമെന്ന് കമ്പനി അറിയിച്ചു.