18
ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ (DWTC) ഭാഗമായ ദുബായ് എക്‌സിബിഷൻ സെന്ററിന്റെ (DEC) അടുത്ത ഘട്ട വികസനം 2027 സെപ്റ്റംബറോടെ പൂർത്തിയാകും. പ്രതിദിന സന്ദർശക ശേഷി 60,000 ആയി ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
നിലവിലെ വികസന പദ്ധതികളുടെ 10 ശതമാനം പൂർത്തിയായതായും, രണ്ടാം ഘട്ടം 2028-ഓടെ പൂർണ്ണമായി സജ്ജമാകുമെന്നും DWTC റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ആമിർ അൽ ഫാർസി വ്യക്തമാക്കി. വികസന ഭാഗമായി 1,60,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിരം ഹാളുകൾ, 1,00,000 ചതുരശ്ര മീറ്റർ സർവീസ് യാർഡുകൾ, മൾട്ടി-സ്റ്റോറി കാർ പാർക്കിംഗ്, വിപുലീകരിച്ച റോഡ് ശൃംഖല, എക്സ്പോ സിറ്റിയുമായി നേരിട്ടുള്ള ബന്ധം എന്നിവ സജ്ജീകരിക്കും.
വിവിധ വലുപ്പത്തിലുള്ള നിരവധി എക്സിബിഷനുകൾ ഒരേസമയം നടത്തുന്നതിനും ഹാളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുമായി നിർമ്മിക്കുന്ന ‘കോൺകോഴ്‌സ്’ ആണ് ഈ ഘട്ടത്തിലെ പ്രധാന ആകർഷണം. 2024-ൽ പ്രഖ്യാപിച്ച മൂന്ന് ഘട്ടങ്ങളായുള്ള മാസ്റ്റർ പ്ലാനിന്റെ ഒന്നാം ഘട്ടം 2026 ജനുവരിയിൽ പൂർത്തിയാക്കിയിരുന്നു.
2025-ൽ 2.97 ദശലക്ഷം സന്ദർശകരാണ് ഡിഡബ്ല്യുടിസി സന്ദർശിച്ചത് (മുൻവർഷത്തേക്കാൾ 12% വർധനവ്). ആ വർഷം സംഘടിപ്പിച്ച 401 ഇവന്റുകളിൽ ഹെൽത്ത്‌കെയർ, മെഡിക്കൽ മേഖലയിലെ 23 പരിപാടികളിലായി 4,36,000 പേർ പങ്കെടുത്തു.