ദുബായ് : സുഹൃത്തിന് കൈമാറിയ വാഹനത്തിലുണ്ടായ ട്രാഫിക് പിഴകളും സാലിക് ചാർജുകളും നൽകാത്തതിനെത്തുടർന്നുള്ള തർക്കത്തിൽ ഡ്രൈവർ 7,500 ദിർഹം ഉടമയ്ക്ക് നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. വാഹനം കൈവശം വെച്ചിരുന്ന കാലയളവിൽ വരുത്തിവെച്ച നിയമലംഘനങ്ങൾക്ക് ഡ്രൈവർ തന്നെയാണ് ഉത്തരവാദിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
പരസ്പര വിശ്വാസത്തിന്റെ പുറത്ത് വാഹനം വാങ്ങാമെന്ന വാക്കാലുള്ള കരാറിലാണ് പരാതിക്കാരൻ തന്റെ കാർ സുഹൃത്തിന് കൈമാറിയത്. എന്നാൽ, വാഹനം കൈവശപ്പെടുത്തിയ ഡ്രൈവർ വാഗ്ദാനം ചെയ്തതുപോലെ പഴയ പിഴകൾ അടയ്ക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ തയ്യാറായില്ല. ഇതിനിടെ ഡ്രൈവർ വാഹനം ഉപയോഗിച്ച കാലയളവിൽ 16,050 ദിർഹത്തിന്റെ പുതിയ പിഴകളും 35 ബ്ലാക്ക് പോയിന്റുകളും വാഹനത്തിന് ലഭിച്ചു. ഇത് ഉടമയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടും ഉണ്ടാക്കിയതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
കേസിൽ വാദികൾ ഹാജരാക്കിയ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഡ്രൈവർ പിഴകൾ അടയ്ക്കാമെന്ന് സമ്മതിച്ചതിനായുള്ള തെളിവായി കോടതി സ്വീകരിച്ചു. എന്നാൽ, ഉടമ ആവശ്യപ്പെട്ട 15,000 ദിർഹത്തിന്റെ നഷ്ടപരിഹാരവും ബ്ലാക്ക് പോയിന്റുകൾ ഡ്രൈവറുടെ ഫയലിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി നിരസിച്ചു. അപകടം നടന്നതിനോ വാഹനത്തിന്റെ വില കുറഞ്ഞതിനോ കൃത്യമായ തെളിവില്ലാത്തതിനാലാണ് നഷ്ടപരിഹാരത്തുക നിഷേധിച്ചത്. കൂടാതെ, നിയമപരമായി ഉടമസ്ഥാവകാശം മാറാത്തതിനാൽ ട്രാഫിക് നിയമലംഘനങ്ങളും പോയിന്റുകളും ഔദ്യോഗിക രേഖകളിലുള്ള ഉടമയുടെ പേരിൽ തന്നെ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.