Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:27 PM

റാസൽഖൈമയിൽ ഡാമിൽ വീണ് 16 വയസ്സുകാരന് ദാരുണ അന്ത്യം; സുരക്ഷാ മുൻകരുതലുകൾ വേണമെന്ന് ആവശ്യം

by silvya

റാസൽഖൈമ : വാദി അൽ ഐം മേഖലയിലെ അഥീൻ ഡാമിൽ വീണ് 16 വയസ്സുകാരനായ സ്വദേശി ബാലൻ മുങ്ങിമരിച്ചു. സൈക്കിൾ സവാരിക്കിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ജുമാ അലി അൽ മസ്റൂയിയുടെ മകൻ അപകടത്തിൽപ്പെട്ടത്. ഈ ദാരുണ സംഭവം ഡാമുകൾക്കും മറ്റ് ജലാശയങ്ങൾക്കും ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുകയാണ്

ഞായറാഴ്ച വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷമായിരുന്നു അപകടം. ബന്ധുവിനൊപ്പം ഡാമിന് സമീപം സൈക്കിൾ ചവിട്ടുകയായിരുന്നു കുട്ടി. കാലിൽ പറ്റിയ ചെളി കഴുകാനായി വെള്ളത്തിനടുത്തേക്ക് നീങ്ങിയപ്പോൾ കാൽ വഴുതി ആഴമേറിയ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഡാമിൽ വെള്ളം നിറഞ്ഞുനിന്നിരുന്നതായും കരയും വെള്ളവും വേർതിരിക്കുന്ന തരത്തിൽ യാതൊരു സുരക്ഷാ വേലികളും അവിടെ ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.

കൂടെയുണ്ടായിരുന്ന ബന്ധു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് തടസ്സമായി. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം മുങ്ങൽ വിദഗ്ധരാണ് മൃതദേഹം പുറത്തെടുത്തത്. അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളോ വേലികളോ ഇല്ലാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സമാനമായ ദുരന്തങ്ങൾ ഒഴിവാക്കാൻ അപകടസാധ്യതയുള്ള ഇടങ്ങളിൽ നിരീക്ഷണ ക്യാമറകളും സുരക്ഷാ വേലികളും അടിയന്തരമായി സ്ഥാപിക്കണമെന്ന് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെട്ടു.

You may also like