ദുബായ് : റുമാറ്റിക് രോഗം മൂലം ഹൃദയവാൽവ് ഗുരുതരമായി ചുരുങ്ങിപ്പോയ 32 കാരനായ യുവാവിനെ അത്യാധുനികവും നൂതനവുമായ “ഷിപ്പ് ടെക്നിക്” (Ship Technique) ശസ്ത്രക്രിയയിലൂടെ ദുബായ് അൽ ഖുസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ വിജയകരമായി സുഖപ്പെടുത്തി. മിട്രൽ സ്റ്റെനോസിസ് (rheumatic mitral stenosis) ബാധിച്ച ദുബായിൽ താമസിക്കുന്ന പാകിസ്താൻ സ്വദേശിയും രണ്ട് കുട്ടികളുടെ പിതാവുമായ ഇജാസ് മെഹ്മൂദ് റാണ മെഹ്മൂദ് എന്ന യുവാവാണ് ഈ അപൂർവ്വ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഹൃദയവാൽവ് പൂർണ്ണമായി മാറ്റിവെക്കുന്ന ശസ്ത്രക്രിയകളോടും അതിന്റെ പാർശ്വഫലങ്ങളോടും ഭയമുള്ള രോഗികൾക്കും കുടുംബങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ ചികിത്സാ വിജയം.
നേരത്തെ റുമാറ്റിക് വാൽവ് രോഗവും അതിന്റെ ഫലമായി പക്ഷാഘാതവും (stroke) വന്നിട്ടുള്ള ചരിത്രമുള്ള ആളായിരുന്നു ഇജാസ്. ശ്വാസംമുട്ടലും കടുത്ത ക്ഷീണവും വർദ്ധിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആസ്റ്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഹൃദയവാൽവിന്റെ അവസ്ഥ മോശമായതിനെ തുടർന്ന് ഹൃദയത്തിൽ രക്തം കട്ടപിടിക്കുകയും ഇത് തലച്ചോറിലെ ഞരമ്പുകളെ ബാധിച്ച് പക്ഷാഘാതത്തിന് കാരണമാവുകയുമായിരുന്നു. മറ്റൊരു ആശുപത്രിയിൽ ഇദ്ദേഹത്തിന് മെക്കാനിക്കൽ വാൽവ് മാറ്റിവെക്കാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. റുമാറ്റിക് ഹൃദ്രോഗം കടുക്കുന്നതോടെ ഹൃദയവാൽവിനും ചുറ്റുമുള്ള ഭാഗങ്ങൾക്കും ദീർഘകാല കേടുപാടുകൾ സംഭവിക്കുകയും ഇത് കടുത്ത ശ്വാസംമുട്ടലിനും ക്ഷീണത്തിനും കാരണമാവുകയും ചെയ്യാറുണ്ട്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലകളിൽ 1,000-ൽ 4 പേരെ വീതം ബാധിക്കുന്ന വലിയൊരു ആരോഗ്യപ്രശ്നമായി റുമാറ്റിക് ഹൃദ്രോഗം ഇപ്പോഴും തുടരുന്നുണ്ടെന്നും, ഇത്തരം സങ്കീർണ്ണമായ അവസ്ഥകളിൽ കൃത്യസമയത്തുള്ള രോഗനിർണ്ണയവും വിദഗ്ദ്ധ പരിചരണവുമാണ് രോഗിയെ രക്ഷിക്കാൻ നിർണ്ണായകമാകുന്നതെന്നും ഈ കേസ് തെളിയിക്കുന്നു.