ദുബായ് : വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങിയെത്തുന്ന തീർഥാടകർക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. തീർഥാടകരെ വരവേൽക്കുന്നതിനായി പാസ്‌പോർട്ടുകളിൽ ‘തീർഥാടകരുടെ തിരിച്ചുവരവിനെ യുഎഇ സ്വാഗതം ചെയ്യുന്നു’ എന്ന പ്രത്യേക സന്ദേശമടങ്ങിയ സീൽ പതിപ്പിച്ചാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) മാതൃകയായത്.
വിമാനത്താവളത്തിൽ എത്തിയ തീർഥാടകരെ ജിഡിആർഎഫ്എ ഉദ്യോഗസ്ഥരും ഒപ്പം കുട്ടികളുടെ ഒരു സംഘവും ചേർന്ന് പൂക്കളും പ്രത്യേക സ്മരണികകളും നൽകി സ്വീകരിച്ചു. തീർഥാടകരുടെ മടങ്ങിവരവ് ഏറെ ആത്മീയവും മാനുഷികവുമായ പ്രാധാന്യമുള്ളതാണെന്നും യുഎഇയുടെ പരമ്പരാഗത ആതിഥ്യമര്യാദയും ബഹുമാനവും പ്രകടിപ്പിക്കാനാണ് ഈ സംരംഭത്തിലൂടെ ശ്രമിച്ചതെന്നും എയർപോർട്ട് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷങ്കീതി വ്യക്തമാക്കി. തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടറുകളും ലെയിനുകളും വേഗത്തിലുള്ള യാത്രാ നടപടികളും ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരുന്നത്.