26
അബുദാബി : ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററിന്റെ നേതൃത്വത്തിൽ പ്രത്യേക സാംസ്കാരിക ടൂറുകൾ സംഘടിപ്പിച്ചു. സാംസ്കാരിക ടൂർ സ്പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തിലാണ് പള്ളിയിൽ സന്ദർശനം നടത്തിയത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മതപരവും ദേശീയവും സാംസ്കാരികവുമായ നാഴികക്കല്ലുകളിൽ ഒന്നായും, സംസ്കാരങ്ങൾ തമ്മിലുള്ള പാലങ്ങൾ നിർമ്മിക്കുന്ന സാംസ്കാരിക സന്ദേശത്തിന്റെ പ്രതീകമായും പള്ളിയെ ടൂറുകൾ എടുത്തുകാട്ടി.
പ്രതിവർഷം ഏകദേശം 7 ദിലക്ഷം ആളുകളാണ് ഈ പള്ളി സന്ദർശിക്കുന്നത്. ഇതിൽ 82 ശതമാനവും യു.എ.ഇയിലേക്ക് എത്തുന്ന സന്ദർശകരാണ്. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ അവലോകനങ്ങളെ അടിസ്ഥാനമാക്കിയുള്ള 2026-ലെ ട്രിപ്പ് അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ യു.എ.ഇയിലെ ഒന്നാം സ്ഥാനം പള്ളി കരസ്ഥമാക്കിയിരുന്നു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പ്രകാശഗോപുരമായി ഈ പള്ളിയെ മാറ്റിയ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ഇതെന്നും ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ ഡയറക്ടർ ജനറൽ ഡോ. യൂസഫ് അൽ ഒബൈദ്‌ലി വ്യക്തമാക്കി.