Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 04:30 PM

വേനൽച്ചൂടിൽ ടയർ പൊട്ടിത്തെറിച്ച് അപകടങ്ങൾ; ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പോലീസ്

by Raneesha Razak

അബുദാബി : യുഎഇയിൽ വേനൽക്കാല താപനില ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി. ചൂടുകൂടുമ്പോൾ ഗുണനിലവാരമില്ലാത്ത ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് ഗുരുതരമായ റോഡപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പോലീസ് ഒരു ബോധവൽക്കരണ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
അബുദാബി പോലീസിന്റെ ‘സേഫ് സമ്മർ’ (Safe Summer) കാമ്പെയ്‌ന്റെ ഭാഗമായാണ് ഈ വീഡിയോ പുറത്തുവിട്ടത്. ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്നതും, റോഡിന് നടുവിൽ കൺട്രോൾ പോയി കറങ്ങിത്തിരിയുന്നതുമായ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
വേനൽക്കാലത്ത് ടയറുകൾ പെട്ടെന്ന് ചൂടാകാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് ഓർമ്മിപ്പിച്ചു:

* ടയറുകളുടെ നിർമ്മാണ തീയതിയും (Production date) കാലാവധിയും കൃത്യമായി പരിശോധിക്കുക.
* അംഗീകൃത ഗുണനിലവാരമുള്ള ടയറുകൾ മാത്രം ഉപയോഗിക്കുക; കേടുപാടുകൾ കണ്ടാൽ ഉടൻ മാറ്റുക.
* ടയറുകളിൽ കൃത്യമായ അളവിൽ മാത്രം വായു മർദ്ദം (Air pressure) നിലനിർത്തുക.
* വാഹനങ്ങളിൽ അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റാതിരിക്കുക.

റോഡ് സുരക്ഷ എന്നത് ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണെന്നും കൃത്യമായ അറ്റകുറ്റപ്പണികളിലൂടെ വലിയ അപകടങ്ങൾ ഒഴിവാക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു

You may also like