17
മനില : മിഡിൽ ഈസ്റ്റിലെ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് മാസങ്ങളായി നിർത്തിവെച്ചിരുന്ന മനില-ദുബായ് നോൺസ്റ്റോപ്പ് വിമാന സർവീസുകൾ ഫിലിപ്പൈൻ എയർലൈൻസ് (PAL) വീണ്ടും ആരംഭിക്കുന്നു. ഒക്ടോബർ 2 മുതലാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് എയർലൈൻസിന്റെ ഈ നിർണായക തീരുമാനം.
ആദ്യഘട്ടത്തിൽ ആഴ്ചയിൽ നാല് ദിവസങ്ങളിലായിരിക്കും (തിങ്കൾ, ബുധൻ, വെള്ളി, ശനി) മനില-ദുബായ്-മനില സർവീസുകൾ ഉണ്ടാകുകയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഫിലിപ്പീൻസിൽ നിന്നും യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസി ഫിലിപ്പീനോകൾ, കുടുംബങ്ങൾ, ബിസിനസ്സ് യാത്രികർ, ടൂറിസ്റ്റുകൾ എന്നിവർക്ക് ഈ നേരിട്ടുള്ള സർവീസ് വലിയ ആശ്വാസമാകും. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന കണക്റ്റിങ് ഹബ് കൂടിയാണ് ദുബായ്. സ്ഥിതിഗതികൾ വിലയിരുത്തി ഭാവിയിൽ സർവീസുകൾ ദിവസേനയുള്ളതാക്കി മാറ്റാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.