12
ദുബായ് : ഒരിക്കലും ഉറങ്ങാത്ത ദുബായ് നഗരത്തിലെ ജനങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ് ദുബായ് മെട്രോ. തിരക്കേറിയ സമയങ്ങളിലും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും തുരുത്തായി മാറിയ മെട്രോ സർവീസ് ആരംഭിച്ചിട്ട് 17 വർഷം പൂർത്തിയാകുന്നു. 2009 സെപ്റ്റംബർ 9-നാണ് ദുബായ് മെട്രോയുടെ റെഡ് ലൈൻ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 2011 സെപ്റ്റംബറിൽ ഗ്രീൻ ലൈനും നിലവിൽ വന്നു. മെട്രോയ്‌ക്കൊപ്പം വളർന്നുവന്ന നിരവധി യാത്രികരാണ് തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കുന്നത്. യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്രയ്ക്കായി ദിവസേന രണ്ട് മണിക്കൂറിലധികം മെട്രോയിൽ ചെലവഴിക്കുന്ന 18 കാരിയായ അലീഷ ഖാദ്രി പറയുന്നത് മെട്രോ തൻ്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾക്ക് സാക്ഷിയാണെന്നാണ്. കുട്ടിക്കാലം മുതൽ കൗമാരവും കടന്ന് ഇന്നൊരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായി നിൽക്കുമ്പോൾ മെട്രോയാണ് തൻ്റെ പ്രധാന യാത്രാമാർഗ്ഗമെന്ന് അവർ പറയുന്നു. മറ്റൊരു യാത്രികയായ 16 കാരി മെഹ്റീൻ അർഫാസിനും മെട്രോയുമായി കുട്ടിക്കാലം മുതലേയുള്ള ആത്മബന്ധമാണുള്ളത്. കുഞ്ഞുനാളിൽ മെട്രോ കാണാനായി മാത്രം ഷെയ്ഖ് സായിദ് റോഡിന് സമീപത്തേക്ക് താമസം മാറിയതും മുത്തശ്ശനോടൊപ്പമുള്ള മെട്രോ യാത്രാനുഭവങ്ങളും അവൾ ഓർക്കുന്നു. ഭാവിയിൽ ബ്ലൂ ലൈൻ, ഗോൾഡൻ ലൈൻ എന്നീ പുതിയ പാതകൾ കൂടി വരുന്നതോടെ ദുബായിയുടെ ഗതാഗത ഭൂപടത്തിൽ മെട്രോയുടെ പ്രാധാന്യം കൂടുതൽ വർദ്ധിക്കും.