Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 09:24 AM

കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ: ഡോക്ടർമാർ ആശങ്കയിൽ

by Raneesha Nizar

 

ദുബായ് : യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയ ഉത്തരവിനെ പൂർണ്ണമായി സ്വാഗതം ചെയ്ത് രാജ്യത്തെ മാനസികാരോഗ്യ വിദഗ്ദ്ധരും ഡോക്ടർമാരും. കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ അവരുടെ ഉറക്കം, പഠനം, ആത്മവിശ്വാസം, പൊതുവായ ആരോഗ്യം എന്നിവയെ എത്രത്തോളം മാരകമായി ബാധിക്കുന്നുവെന്ന ആശങ്കാജനകമായ വിവരങ്ങളാണ് ഡോക്ടർമാർ പങ്കുവെക്കുന്നത്.
പല കുട്ടികളും അർദ്ധരാത്രി കഴിഞ്ഞും പുലർച്ചെ വരെയും ഉറങ്ങാതെ ഫോൺ ഉപയോഗിക്കുന്നതായും, മണിക്കൂറുകളോളം തുടർച്ചയായി സ്ക്രോൾ ചെയ്യുന്നത് മൂലം ഭക്ഷണം കഴിക്കാനോ ബാത്ത്റൂമിൽ പോകാനോ പോലും മറന്നുപോകുന്ന അവസ്ഥയുണ്ടെന്നും അബുദാബി എൻഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ. ഷഹാന കാസിം വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ നിയന്ത്രിക്കുമ്പോൾ കുട്ടികളിൽ കടുത്ത ദേഷ്യം, ഉത്കണ്ഠ (Anxiety) എന്നിവ പ്രകടമാകുന്നുണ്ട്.
ദുബായ് മെഡ്കെയർ കമാലി ക്ലിനിക്കിലെ കൗൺസിലർ കരോലിൻ യാഫെ, ബുർജീൽ മെഡിക്കൽ സിറ്റിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. അമീർ ജാവേദ്, മെഡിയോർ ഹോസ്പിറ്റലിലെ പീഡിയാട്രിഷ്യൻ ഡോ. ദിയ അബ്ദുൾ റഷീദ് എന്നിവരും സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. സോഷ്യൽ മീഡിയയിലെ ലൈക്കുകളും കമന്റുകളും നോക്കിയാണ് ഇന്നത്തെ കുട്ടികൾ സ്വന്തം മൂല്യം വിലയിരുത്തുന്നത്. ഇത് കുറയുമ്പോൾ അവർ കടുത്ത മാനസിക വിഷാദത്തിലേക്ക് വീഴുന്നു. കൂടാതെ, ഓൺലൈൻ ഗ്രൂപ്പുകളിൽ നിന്നും ട്രെൻഡുകളിൽ നിന്നും ഒറ്റപ്പെട്ടുപോകുമെന്ന ഭയവും (FOMO) കുട്ടികളിൽ മാനസിക സമ്മർദ്ദം കൂട്ടുന്നുണ്ട്.
വെറും നിയമ നിയന്ത്രണങ്ങൾ കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും, മാതാപിതാക്കളും സ്കൂളുകളും ചേർന്ന് കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ ആരോഗ്യകരമായി എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ചു കൊടുക്കണമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

You may also like