Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 09:24 AM

വിപണിയിൽ കർശന പരിശോധന; ദുബായിൽ അവശ്യസാധനങ്ങളുടെ വില സ്ഥിരമെന്ന് അധികൃതർ

by Raneesha Nizar

ദുബായ് : ദുബായിലെ വിപണികളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാണെന്നും വിലക്കയറ്റമില്ലാതെ വില നിലവാരം സ്ഥിരമായി തുടരുകയാണെന്നും ദുബായ് കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് അറിയിച്ചു. വിപണിയിലെ സുതാര്യത ഉറപ്പാക്കാൻ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പതിനായിരക്കണക്കിന് പരിശോധനകളിൽ ഭൂരിഭാഗം വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങൾ കൃത്യമായി പാലിക്കുന്നതായി കണ്ടെത്തി.
ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന് കീഴിലുള്ള കൺസ്യൂമർ പ്രൊട്ടക്ഷൻ ടീം മാർച്ച് 1 മുതൽ ജൂൺ 7 വരെയുള്ള കാലയളവിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പ്രധാന വിതരണ കേന്ദ്രങ്ങളിലുമായി 8,479 ഫീൽഡ് പരിശോധനകൾ നടത്തി. പഴം-പച്ചക്കറി മാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഈ കാലയളവിൽ വിലക്കയറ്റവുമായി ബന്ധപ്പെട്ട 641 പരാതികൾ ഉൾപ്പെടെ ആകെ 31,504 ഉപഭോക്തൃ പരാതികൾ അധികൃതർ കൈകാര്യം ചെയ്തു. എന്നാൽ, ഇതിൽ ന്യായമല്ലാത്ത രീതിയിൽ വില വർദ്ധിപ്പിച്ച മൂന്ന് സ്ഥാപനങ്ങൾക്കെതിരെ മാത്രമാണ് നിയമലംഘനത്തിന് നടപടിയെടുക്കേണ്ടി വന്നത്.

ഡിസ്‌പ്ലേയിൽ കാണിക്കുന്ന വില തന്നെയായിരിക്കണം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടതെന്നും ഇതിൽ വ്യത്യാസമുണ്ടാകുന്നത് നിയമലംഘനമാണെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിംഗ് ഡയറക്ടർ അഹമ്മദ് അഹ്‌ലി പറഞ്ഞു. വിപണിയിലെ ക്രമക്കേടുകൾ വേഗത്തിൽ കണ്ടെത്താൻ സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഉപഭോക്താക്കളുടെ പരാതികൾ സഹായിക്കുന്നുണ്ട്. സാധനങ്ങൾ വാങ്ങിയ ശേഷമുള്ള ബില്ലുകൾ സൂക്ഷിച്ചുവെക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

You may also like