ഷാർജ: റോഡിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകും വിധം അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് ഡ്രൈവർമാരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ പോലീസ് കണ്ടുകെട്ടുകയും തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. റോഡിലെ നിയമലംഘനങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞ് വലയിലാക്കിയത്.
പിടിയിലായവരിൽ ഒരാൾ താൻ നടത്തിയ അപകടകരമായ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. അതേസമയം പിടിയിലായ രണ്ടാമത്തെ ഡ്രൈവർക്ക് നേരത്തെ തന്നെ വാഹനമോടിക്കുന്നതിന് വിലക്കുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. സമാനമായ മറ്റ് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ഇയാൾക്കെതിരെ മുൻപും പോലീസ് സർക്കുലർ ഇറക്കിയിരുന്നുവെന്നും സ്ഥിരം നിയമലംഘനം നടത്തുന്ന വ്യക്തിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.