38
ദുബായ് : പരിചരണത്തിന്റെ പേരിൽ പൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുഎഇയിൽ വൻ പ്രതിഷേധം. പൂച്ചയുടെ കഴുത്തിൽ കാൽ അമർത്തുന്നതും ശരീരത്തിന് സമീപം കത്തി പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദൃശ്യങ്ങളിൽ പൂച്ച ഭയന്ന് കരയുന്നതും കേൾക്കാം. മൃഗസ്നേഹികൾ ആശങ്ക പ്രകടിപ്പിച്ചതോടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സംഭവം വിവാദമായതോടെ വീഡിയോ പങ്കുവെച്ച വ്യക്തി പിന്നീട് മാപ്പുമായി രംഗത്തെത്തി. താൻ ഏറെ സ്നേഹിക്കുന്ന തന്റെ സ്വന്തം പൂച്ചയാണിതെന്നും തമാശ രൂപേണയാണ് ഇത്തരമൊരു വീഡിയോ ചെയ്തതെന്നും അയാൾ ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ആരും തെറ്റിധരിക്കരുതെന്നും ഇനി ഇത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കില്ലെന്നും അദ്ദേഹം മാപ്പപേക്ഷിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ കർശന നടപടി വേണമെന്നുമാണ് മൃഗസ്നേഹികളുടെയും സംഘടനകളുടെയും ആവശ്യം.