8
ദുബായ് : സാമ്പത്തിക അവസരങ്ങൾ, ജീവിതനിലവാരം, നഗരങ്ങളുടെ മത്സരക്ഷമത എന്നിവയിൽ ലോകത്തിലെ മുൻനിര നഗരങ്ങളിൽ ഇടംപിടിച്ച് അബുദാബിയും ദുബായിയും. ബിസിനസിനും പ്രതിഭകൾക്കും ആഗോളതലത്തിലെ പ്രധാന കേന്ദ്രമെന്ന യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ റിപ്പോർട്ട്. ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് പുറത്തിറക്കിയ ‘സിറ്റീസ് ഓഫ് ചോയ്സ് 4.0’ (Cities of Choice 4.0) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമൂഹിക മൂലധനം, സാമ്പത്തിക അവസരങ്ങൾ, ജീവിതനിലവാരം, ഡിജിറ്റൽ സർക്കാർ സംവിധാനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ വിലയിരുത്തിയത്. സാമൂഹിക മൂലധന വിഭാഗത്തിൽ ആഗോളതലത്തിൽ 12-ാം സ്ഥാനത്തെത്തിയ ദുബായ്, മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. സാമൂഹിക ബന്ധങ്ങളുടെ കാര്യത്തിൽ നഗരം ലോകത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാമ്പത്തിക അവസരങ്ങളിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് ദുബായ്. ഈ വിഭാഗത്തിൽ ലോകത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടുന്ന മിഡിൽ ഈസ്റ്റിലെ ഏക നഗരവും ദുബായ് ആണ്. യു.എ.ഇയിലെ രണ്ട് വലിയ നഗരങ്ങളും ബിസിനസുകളെയും നിക്ഷേപങ്ങളെയും വിദഗ്ധരായ തൊഴിലില്ലായ്മ കുറഞ്ഞ പ്രതിഭകളെയും ആകർഷിക്കുന്നതിൽ മുൻപന്തിയിലാണെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. വാണിജ്യ കേന്ദ്രങ്ങൾ എന്നതിലുപരി മികച്ച ജീവിതനിലവാരം, ഡിജിറ്റൽ സേവനങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയിലൂടെ ആഗോള നഗരങ്ങളുടെ പട്ടികയിൽ അബുദാബിയും ദുബായിയും തിളങ്ങിനിൽക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളിലും ഡിജിറ്റൽ സേവനങ്ങളിലും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലും യു.എ.ഇ നടത്തിയ വൻ നിക്ഷേപങ്ങളാണ് നഗരങ്ങളുടെ ഈ കരുത്തിന് പിന്നിൽ.